
വെല്ലിംഗ്ടൺ: കുടിയേറ്റം പെരുകിയതോടെ തൊഴിൽ വിസയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ന്യൂസിലൻഡ്. കുറഞ്ഞ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾക്ക് ഇനി മുതൽ ഇംഗ്ലിഷ് പരിജ്ഞാനവും തൊഴിൽ പരിചയവും നിർബന്ധമാണ്. ഇവർക്ക് ന്യൂസിലൻഡിൽ തുടർച്ചയായി തങ്ങാവുന്ന കാലാവധി മൂന്ന് വർഷമാക്കി. നേരത്തെ ഇത് അഞ്ച് വർഷമായിരുന്നു. വിദഗ്ദ്ധ തൊഴിൽ മേഖലയിലുള്ളവരെ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ വർഷം 1,73,000 പേരാണ് ന്യൂസിലൻഡിലേക്ക് കുടിയേറിയത്. 53 ലക്ഷമാണ് രാജ്യത്തെ ജനസംഖ്യ. കൊവിഡിന് ശേഷം കുത്തനെ ഉയർന്ന കുടിയേറ്റ നിരക്ക് കുറയ്ക്കാനുള്ള നീക്കങ്ങളിലാണ് പല പാശ്ചാത്യ രാജ്യങ്ങളും. വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഓസ്ട്രേലിയയും കാനഡയും അടുത്തിടെ തീരുമാനിച്ചിരുന്നു.