
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സമനിലയുമായി തടിതപ്പിയതോടെ കിരീടപ്പോരാട്ടം കൂടുതൽ ആവേശത്തിലേക്ക് കടന്നു. ജയിക്കുമായിരുന്നെങ്കിൽ ആഴ്സനലിനെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്താൻ ലിവർപൂളിന് കഴിഞ്ഞേനെ. എന്നാൽ സമനിലിയായതോടെ ആഴ്സനലിനൊപ്പം ലിവർപൂളിനും 71 പോയിന്റായെങ്കിലും ഗോൾ ശരാശരിയുടെ പിൻബത്തിൽ ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള സിറ്റി 70 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 23-ാം മിനിട്ടിൽ ലൂയിസ് ഡിയാസിലൂടെ ലിവറാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 50-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസും 67-ാം മിനിട്ടിൽ കോബി മിയനൂവും നേടിയഗോളുകളിലൂടെ മാഞ്ചസ്റ്റർ ലീഡെടുത്തു. മാഞ്ചസ്റ്റർ വിജയമുറപ്പിച്ചിരിക്കെ 83-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി സല ലിവർപൂളിന് സമനില സമ്മാനിക്കുകയായിരുന്നു.