ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി ഒന്നാമതെത്തുമെന്ന് പ്രശാന്ത് കിഷോര്‍. വടക്ക് കിഴക്കന്‍ മേഖലയിലും ദക്ഷിണേന്ത്യയിലും കൂടുതല്‍ കരുത്തരാകാനുള്ള ബിജെപിയുടെ ശ്രമത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലമുണ്ടാകാന്‍ സാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
ബിജെപിയുടെ വളര്‍ച്ച അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടു. സ്വാധീനം കുറവുള്ള മേഖലയില്‍ കൂടുതല്‍ അധ്വാനിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയെന്നതാണ് ബിജെപിയുടെ നയമെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു. ഒഡീഷയിലും അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ തെലങ്കാനയിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ഭരണകക്ഷിയായ ബി.ജെ.പിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ അജയ്യരല്ലെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍, പ്രതിപക്ഷം തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുന്നതിലൂടെയാണ് ബി.ജെ.പി. കിഴക്കന്‍ ഇന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും തിരിച്ചടികളെ മറികടക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ അവരുടെ ശക്തികേന്ദ്രമായ വടക്കന്‍ സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലുമായി നൂറ് മണ്ഡലങ്ങളിലെങ്കിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാദ്ധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് അതിനുള്ള ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു. ശക്തികേന്ദ്രമല്ലാത്ത തമിഴ്‌നാട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മോദി എത്ര തവണ പോയി എന്ന് നോക്കൂ, ഒപ്പം ബിജെപി ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസ് എന്ത് ചെയ്തുവെന്നും- അദ്ദേഹം പറഞ്ഞു.