crime

തിരുവനന്തപുരം: വനിതാ ഹോസ്റ്റലില്‍ എയര്‍ഹോളിലൂടെ ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതിയെ കൈയോടെ പൊക്കി പെണ്‍കുട്ടികള്‍. തിരുവനന്തപുരം നന്ദന്‍കോട് പ്രദേശത്ത് സ്ഥിതിചെയ്യുന്ന വനിതാ ഹോസ്റ്റലിലാണ് സംഭവം. നന്ദന്‍കോട് സ്വദേശി അനില്‍ദാസിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രിയാണ് അനില്‍ദാസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയത്. എയര്‍ഹോള്‍ വഴി ഒളിക്യാമറിയിലൂടെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് അനില്‍ ശ്രമിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പെണ്‍കുട്ടികള്‍ മൊബൈല്‍ പിടിച്ചെടുക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അനില്‍ദാസ് പിടിയിലായത്. നന്ദന്‍കോട് ഭാഗത്ത് നിരവധി ലേഡീസ് ഹോസ്റ്റലുകളും പേയിംഗ് ഗസ്റ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ മേഖലയില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ മോശം പെരുമാറ്റം പതിവാണെന്ന പരാതി വ്യാപകമാണ്. പൊലീസ് പരിശോധന നടത്താറുണ്ടെങ്കിലും സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.