crime

മൊഹാലി: കാമുകിയെ കൊലപ്പെടുത്തിയ ശേഷം മടങ്ങുന്നതിനിടെ കാറപകടത്തില്‍ പ്രതിയായ യുവാവിന് ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശ് സ്വദേശിയായ അനസ് ഖുറേഷി (30) ആശുപത്രിയില്‍ ചികിത്സയിലാണ്. കാമുകിയായ ഏക്ത(27)യെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അനസ് അപകടത്തില്‍പ്പെട്ടത്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ചികിത്സയില്‍ കഴിയുന്ന പ്രതിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ചണ്ഡീഗഡില്‍ ഒരു ഹോട്ടല്‍ നടത്തുകയായിരുന്നു അനസ്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാകുകയായിരുന്നു. പെണ്‍കുട്ടിയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ച് കൊലപാതകം നടന്നത്.

ജോലി കഴിഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ അനസും അവരുടെ വീട്ടില്‍ കടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ യുവതിയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതും കാറില്‍ രക്ഷപ്പെടുന്നതും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

70 കിലോമീറ്റര്‍ യാത്ര ചെയ്ത ശേഷം അനസ് സഞ്ചരിച്ച കാര്‍ ഹരിയാനയിലെ ഷഹാബാദിന് സമീപം വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാല്‍ നിലവില്‍ അനസിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ബോധം വന്ന ശേഷം ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.