
കീവ്: യുക്രെയിനിലെ സെപൊറീഷ്യ ആണവനിലയത്തിൽ ഗുരുതരമായ ആണവ അപകടം സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ).
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സെപൊറീഷ്യ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഇവിടെ ഞായറാഴ്ച യുക്രെയിൻ നടത്തിയ മൂന്ന് ഡ്രോൺ ആക്രമണങ്ങളിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റെന്ന് റഷ്യ പറയുന്നു.
ഇന്നലെ നിലയത്തിന്റെ ആറാം നമ്പർ റിയാക്ടറിന് മുകളിൽ പ്രത്യക്ഷപ്പെട്ട ഡ്രോൺ വെടിവച്ചു വീഴ്ത്തി. റിയാക്ടർ പ്രവർത്തിക്കാത്തതിനാൽ അപകടം ഒഴിവായെന്നും റഷ്യ അവകാശപ്പെട്ടു. തങ്ങളല്ല ആക്രമണത്തിന് പിന്നിലെന്ന് യുക്രെയിൻ പറയുന്നു. നിലവിൽ നിലയത്തിന് ഗുരുതര കേടുപാടോ റേഡിയേഷൻ ചോർച്ചയോ ഇല്ലെന്ന് ഐ.എ.ഇ.എ അറിയിച്ചു.