
സ്വർണത്തിന്റെ വിപണി മൂല്യം എല്ലാ റെക്കാഡും ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന പ്രവണതയെ ശക്തിപ്പെടുത്തുന്ന ലോക സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഇന്ത്യയിൽ പത്തു വർഷം മുമ്പുണ്ടായിരുന്ന 22,405 രൂപ എന്ന പവൻ വില ഇന്നിപ്പോൾ അരലക്ഷം രൂപ കടക്കുമ്പോൾത്തന്നെ, ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ അത് 55,000 രൂപയ്ക്കു മേലെയാകുമെന്നാണ് മഞ്ഞലോഹ വിദഗ്ദ്ധരുടെ വിലയിരുത്തൽ. പ്രതിവർഷം 750 ടണ്ണിലധികം സ്വർണം വാങ്ങിക്കൂട്ടുന്ന ഇന്ത്യയിൽ ഈ അത്ഭുത വസ്തുവിന്റെ ആഭ്യന്തര ഉത്പാദനം 1.2 ടൺ മാത്രമായിരിക്കെ അന്താരാഷ്ട്ര വിലയിലുണ്ടാകുന്ന ഏതു മാറ്റവും രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത് സ്വാഭാവികം.
വിചിത്രമായൊരു ചരക്കാണ് സ്വർണം. വലിയൊരു വിഭാഗം ജനത്തിന്റെ പ്രേമഭാജനമാകുന്നതിന്റെ വൈകാരിക തലങ്ങൾക്കൊപ്പം ഉപഭോഗ വസ്തുവായും നിക്ഷേപ സാമഗ്രിയായും വ്യക്തികളുടെ മാത്രമല്ല, സർവശക്തരായ സർക്കാരുകളുടെയും കരുതൽ ധനമായും വർത്തിക്കാൻ കഴിയുന്ന അനന്യ വസ്തു! ഇപ്രകാരമുള്ള സ്വഭാവ ഗുണങ്ങൾ തന്നെയാണ് പൗരാണിക കാലം മുതൽ പൊന്നിന്റെ മൂല്യം നിർണയിക്കുന്നതിലെ അടിസ്ഥാനപരമായ സ്വാധീനശക്തികൾ.
കുറയുന്ന പലിശയും പവൻ കുതിപ്പും
വർത്തമാനകാലത്തെ സ്വർണത്തിന്റെ വില വർദ്ധനവിൽ പ്രവർത്തിക്കുന്ന ഘടകങ്ങളെ തേടുമ്പോൾ ആദ്യം തെളിയുന്നത്, ലോക സ്വർണ ഉത്പാദനത്തിൽ ആറു ശതമാനം മാത്രമുള്ള അമേരിക്കയുടെ ധനപരമായ പ്രതീക്ഷകളിൽ വരുന്ന മാറ്റങ്ങളാണ്. പ്രതീക്ഷിച്ചതിനേക്കാൾ വർദ്ധനവാണ് ആ രാജ്യത്തിന്റെ ജി.ഡി.പിയിൽ ഇപ്പോൾ അനുഭവവേദ്യമാകുന്നത്. അതിനോടൊപ്പം, കണക്കു കൂട്ടിയിരുന്നതിനേക്കാൾ കുറഞ്ഞ തോതിലാണ് വില വർദ്ധനവുണ്ടായത്. ഈ ഇരട്ട ബലത്തിന്റെ കരുത്തിൽ അമേരിക്കൻ കേന്ദ്ര ബാങ്ക് താമസിയാതെ തന്നെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്നാണ് ലോകത്തെ നിക്ഷേപ സമൂഹത്തിന്റെ വിശ്വാസം.
അന്താരാഷ്ട്ര തലത്തിൽ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയും ആഗോള കറൻസിയായ ഡോളറിന്റെ ഉടയോനുമായ അമേരിക്കയിലുണ്ടാകുന്ന പലിശ ഇടിവ് അന്യ രാജ്യങ്ങളിലേക്കും സന്നിവേശിക്കപ്പെടുന്നു. ചരിത്രപരമായി പലിശ നിരക്കും സ്വർണ ഉപഭോഗവും തമ്മിലുള്ള ബന്ധം വിപരീത ദിശയിലുള്ളതാണ്. പലിശ നിരക്കിലെ ഇടിവ്, ബോണ്ടുകൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള നിക്ഷേപ മാർഗങ്ങളുടെ ശോഭയ്ക്ക് മങ്ങലേല്പിക്കുകയും സുരക്ഷിത നിക്ഷേപസ്വർഗമായ സ്വർണത്തിന്റെ കാന്തി ഉയർത്തുകയും ചെയ്യുന്നു.
നിക്ഷേപത്തിലെസ്വർണ നിധി
ഇന്ത്യയുടെ കാര്യം പറഞ്ഞാൽ, വിലക്കയറ്റം കൂടി കണക്കിലെടുക്കുമ്പോഴുള്ള യഥാർത്ഥ പലിശ നിരക്ക് താഴ്ന്നു വരികയും, പൊന്നിന്റെ വില ഉയർന്നു പൊങ്ങുകയും ചെയ്ത കഴിഞ്ഞ ദശകത്തിൽ നിക്ഷേപ സാമഗ്രികളായി വിനിയോഗിക്കപ്പെടുന്ന സ്വർണക്കട്ടി, സ്വർണ നാണയം എന്നിവയുടെ ഡിമാന്റ് പ്രതിവർഷം ഏഴു ശതമാനമെന്ന നിരക്കിൽ വർദ്ധിച്ചിരുന്നു. കാഞ്ചന വില തുടർച്ചയായി ഉയർന്നതു കൊണ്ടും, ഓഹരിക്കമ്പോളം ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതിനാലും സ്വർണ നിക്ഷേപം വർദ്ധിച്ചു. ഇക്കഴിഞ്ഞ 12 മാസത്തിനിടയിൽ സ്വർണവില 25 ശതമാനത്തോളം ഉയർന്നപ്പോൾ നിഫ്റ്റി എന്ന ഓഹരിക്കമ്പോള സൂചിക ഉയർന്നത് 15 ശതമാനമായിരുന്നു.
അമേരിക്കയിൽ ഇപ്പോൾ വരാൻ പോകുന്ന പലിശ വെട്ടിക്കുറയ്ക്കലിനു പിന്നാലെ, ഈ വർഷം രണ്ടു പ്രാവശ്യം കൂടി അത് ആവർത്തിക്കുമെന്ന കണക്കുകൂട്ടലും ശക്തമാണ്. ഇത് സ്വർണത്തിന്റെ ഡിമാന്റും അതുവഴി വിലയും ഉയർത്തുന്ന ശക്തിയാകും. അടുത്തകാലത്തായി സ്വർണത്തിനുള്ള ആവശ്യം വൻതോതിൽ ഉയരാൻ കാരണമായ മറ്റൊരു ഘടകം ലോകത്തെ കേന്ദ്ര ബാങ്കുകൾ പൊന്നിനെ തങ്ങളുടെ കരുതൽ ശേഖരത്തിന്റെ ഭാഗമായി വാങ്ങി സൂക്ഷിക്കുന്ന പ്രവണതയാണ്. കഴിഞ്ഞ രണ്ടു വർഷക്കാലമായി കേന്ദ്ര ബാങ്കുകളെല്ലാം തന്നെ സ്വർണം വാങ്ങിക്കൂട്ടുകയായിരുന്നു.
കനകം തരും കരുതൽ!
ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്കാണ് ഇക്കാര്യത്തിൽ ഒന്നാമൻ. ഈ ബാങ്കിന്റെ കരുതൽ ആവനാഴിയിലുള്ളത് 2245 ടൺ സ്വർണമാണ്! അടുത്തിടെ ഈ രാജ്യം അനുഭവിക്കേണ്ടിവന്ന സാമ്പത്തിക വിളർച്ചയും റിയൽ എസ്റ്റേറ്റ് മേഖലയിലെ തളർച്ചയും പൊതുജനങ്ങളുടെ നിക്ഷേപ സാമഗ്രി എന്ന നിലയിലും സർക്കാരിന്റെ കരുതൽ ധനമെന്ന നിലയിലുമുള്ള കനകത്തിന്റെ ആവശ്യം ഉയർത്തിയിരുന്നു. ജനുവരിയിൽ മാത്രം ഇവിടത്തെ കേന്ദ്ര ബാങ്ക് വാങ്ങിയത് 10 ടൺ മഞ്ഞ ലോഹമായിരുന്നു. മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയുടെ റിസർവ് ബാങ്കും നല്ലതോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. നമ്മുടെ കേന്ദ്ര ബാങ്കിന്റെ സ്വർണശേഖരം 830 ടണ്ണാണ്. ഈ ജനുവരിയിൽ ആർ.ബി.ഐ വാങ്ങിയത് ഒമ്പത് ടൺ സ്വർണമായിരുന്നു.
സ്വർണ വില ആകാശംമുട്ടെ ഉയരുന്നത് ചില ആശങ്കകൾക്കും വഴിയൊരുക്കുന്നുണ്ട്.
വില വർദ്ധിച്ചതുകൊണ്ടു തന്നെ സ്വർണത്തിലുള്ള നിക്ഷേപാവശ്യങ്ങൾ ഇന്ത്യയിൽ ഉയർന്നിട്ടുണ്ടെങ്കിലും, ഉപഭോഗ വസ്തു എന്ന നിലയിൽ സ്വർണാഭരണങ്ങൾക്കുള്ള ഡിമാന്റ് കാര്യമായി കുറയുകയാണുണ്ടായത്. ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് ക്ലേശം പകരുന്ന കാര്യമാണിത്. സ്വർണത്തിനുള്ള ആവശ്യം ഏതാണ്ട് പൂർണമായും ഇറക്കുമതിയിലൂടെ നേടുന്ന നമ്മുടെ രാജ്യത്തിന്റെ വ്യാപാരകമ്മി ഉയർത്താനും വില വർദ്ധനവ് കാരണമാകും. ജനത്തിന്റെ സമ്പാദ്യം ധനപരമായ മാർഗങ്ങളിൽ നിന്ന് സ്വർണം എന്ന ജഡവസ്തുവിലേക്ക് ഒഴുകുന്നത് ബാങ്കുകൾക്കും സർക്കാരുകൾക്കും വികസനാവശ്യങ്ങൾക്ക് സ്വരൂപിക്കാവുന്ന വിഭവങ്ങളിൽ ഇടിവുണ്ടാക്കും. ചുരുക്കത്തിൽ സ്വർണത്തെപ്പോലെ വിചിത്രമാണ് അതിന്റെ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങളും.
ഇറക്കുമതിയും മന്ദതയിൽ
റെക്കാഡുകൾ ഭേദിച്ച് വില കുതിച്ചുയർന്നതോടെ കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി കനത്ത രീതിയിലാണ് കുറഞ്ഞത്. വില വർദ്ധന സ്വർണ ഉപഭോഗത്തെ ബാധിച്ചതിനാൽ മാർച്ചിൽ ഇറക്കുമതി മുൻമാസത്തേക്കാൾ 90 ശതമാനം കുറഞ്ഞ് 11 മെട്രിക് ടണ്ണായെന്ന് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഫെബ്രുവരിയിൽ സ്വർണ ഇറക്കുമതി 110 മെട്രിക് ടണ്ണായിരുന്നു. കൊവിഡ് രോഗവ്യാപന കാലത്താണ് സ്വർണ ഇറക്കുമതി ഇത്രയേറെ കുറഞ്ഞത്. വില കൂടിയതോടെ ഉപഭോക്താക്കൾ പഴയ സ്വർണം വിൽക്കാൻ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചതും ഇറക്കുമതിയെ ബാധിച്ചു. വില സ്ഥിരതയിൽ എത്തിയതിന് ശേഷം മാത്രം സ്വർണ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് ബാങ്കുകളുടെ തീരുമാനം. വിലവർദ്ധന ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചതിനാൽ ജുവലറികൾ ബാങ്കിൽ നിന്നും സ്വർണം വാങ്ങുന്നതും കുറച്ചു.
അതേസമയം, ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ സ്വർണ ഇറക്കുമതി ഗണ്യമായി കൂടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ സ്വർണ ഇറക്കുമതി 26.7 ശതമാനം ഉയർന്ന് 3595 കോടി ഡോളറിലെത്തി. മുൻവർഷം ഇതേകാലയളവിൽ സ്വർണ ഇറക്കുമതി 2840 കോടി ഡോളറായിരുന്നു. ഡിസംബറിൽ മാത്രം മുന്നൂറ് കോടി ഡോളറിന്റെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി നടത്തിയത്.
സ്വിറ്റ്സർലന്റിൽ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വർണം ഇറക്കുമതി നടത്തുന്നത്. മൊത്തം ഇറക്കുമതിയുടെ 41 ശതമാനവും ഇവിടെ നിന്നാണ്. യു.എ.ഇ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ഇന്ത്യ സ്വർണം ഇറക്കുമതി നടത്തുന്നുണ്ട്. നിലവിൽ സ്വർണ ഇറക്കുമതിക്ക് ഇന്ത്യ 15 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ വിപണിയായ ഇന്ത്യയിൽ ആഭരണ മേഖലയിലാണ് ഉപഭോഗം കൂടുതലുള്ളത്.
ഇതിനിടെ കഴിഞ്ഞ മാസം റിസർവ് ബാങ്കിന്റെ സ്വർണ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ പൂർണ നികുതി ഇളവ് നൽകിയിട്ടുണ്ട്. ലോകത്തിൽ ഏറ്റവുമധികം സ്വർണ ശേഖരമുള്ള കേന്ദ്ര ബാങ്കുകിലൊന്നാണ് റിസർവ് ബാങ്ക്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് റിസർവ് ബാങ്കിൽ 830 മെട്രിക് ടൺ സ്വർണത്തിന്റെ ശേഖരമാണുള്ളത്.