-eclipse

ന്യൂയോർക്ക്: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ അത്ഭുത വിരുന്നൊരുക്കി ഇന്നലെ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്നലെ ഈ അപൂർവ ദൃശ്യം കണ്ടത്. സൂര്യനെ ചന്ദ്രൻ പൂർണമായും മറച്ചതോടെ ആകാശം പട്ടാപ്പകൽ ഇരുണ്ടത് കൗതുകമായിരുന്നു.

ഈസ്റ്റേൺ ഡേലൈറ്റ് ടൈം അഥവാ ഇ.ഡി.ടി പ്രകാരം രാവിലെ 11.42ന് ആരംഭിച്ച സൂര്യഗ്രഹണം വൈകിട്ട് 4.52 ഓടെ പൂർണമായി ( ഇന്ത്യൻ സമയം ഇന്നലെ രാത്രി 9.13 - ഇന്ന് പുലർച്ചെ 2.22 ).സൂര്യഗ്രഹണം നാസ യൂട്യൂബിലെ ഓദ്യോഗിക ചാനലിൽ തത്സമയ സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും ലക്ഷക്കണക്കിന് പേരാണ് മൂന്ന് മണിക്കൂർ നീണ്ട നാസയുടെ തത്സമയ സംപ്രേക്ഷണത്തിന് യൂട്യൂബിലൂടെ സാക്ഷിയായത്. ആകെ 3.15 കോടിപ്പേർ ഗ്രഹണം കണ്ടെന്നാണ് നാസയുടെ കണക്ക്.

പസഫിക് സമുദ്രത്തിലെ കുക്ക് ഐലൻഡിന് മുകളിൽ ആദ്യം ദൃശ്യമായ ഗ്രഹണം മെക്സിക്കോയിലും 13 യു.എസ് സംസ്ഥാനങ്ങളിലും ദൃശ്യമായി. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡും ലാബ്രഡോറുമാണ് സമ്പൂർണഗ്രഹണത്തിന് അവസാനം സാക്ഷ്യം വഹിച്ച വടക്കേ അമേരിക്കൻ പ്രദേശങ്ങൾ. സൂര്യനെ ചന്ദ്രൻ പൂർണമായും മൂടുന്ന ഘട്ടം ( ടോട്ടാലിറ്റി ) 4 മിനി​ട്ടും 28 സെക്കൻഡും നീണ്ടു. ഓരോ സ്ഥലത്തും ദൈർഘ്യത്തിന് വ്യത്യാസമുണ്ടായിരുന്നു.

ഇപ്പോഴിതാ ബഹിരാകാശത്ത് നിന്നുള്ള സൂര്യഗ്രഹണത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നാസ. 'ബഹിരാകാശത്ത് നിന്ന് എപ്പോഴെങ്കിലും പൂർണ സൂര്യഗ്രഹണം കണ്ടിട്ടുണ്ടോ? അവിടെ നിന്നുള്ള കാഴ്ച' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Ever seen a total solar #eclipse from space?

Here is our astronauts' view from the @Space_Station pic.twitter.com/2VrZ3Y1Fqz

— NASA (@NASA) April 8, 2024