bjp

മലപ്പുറം: ബംഗാളിലേത് പോലെ കേരളത്തിലും സി.പി.എമ്മും കോൺഗ്രസും സംപൂജ്യരാവുന്ന കാലം അകലെയല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കേരളത്തിൽ ബി.ജെ.പി അഞ്ചിലധികം സീറ്റുകളിൽ വിജയിക്കും. ഫലം വരുമ്പോൾ സർപ്രൈസുകളുണ്ടാകും. രണ്ട് തിരഞ്ഞെടുപ്പുകൾക്കപ്പുറം കേരളം ബി.ജെ.പി ഭരിക്കും. കേരളത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം വ്യത്യസ്തമാണ്. 2019ൽ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വോട്ടർമാർ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസ് നേട്ടമുണ്ടാക്കി. ഇത്തവണ കോൺഗ്രസുകാർ പോലും അങ്ങനെ കരുതുന്നില്ല. മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും ഉറച്ചുവിശ്വസിക്കുന്നു.

തീവ്രവാദികളുടെ വോട്ട്

‌ബോംബ് നിർമ്മാണത്തിനിടെ പാനൂരിൽ മരിച്ച യുവാവിനെ ഇരയായാണ് മുതിർന്ന സി.പി.എം നേതാവ് പി.ജയരാജൻ വിശേഷിപ്പിച്ചത്. തീവ്രവാദികളാണ് ബോംബുകൾ നിർമ്മിക്കാറുള്ളത്. മോദിക്കുള്ള സ്വീകാര്യത ഭയന്ന് സി.പി.എം ബോംബ് ഫാക്ടറി ഉണ്ടാക്കുന്നു. അഴിമതിയും കുംഭകോണങ്ങളാലും നിറയുകയാണ് സി.പി.എമ്മും സംസ്ഥാന സർക്കാരും. എസ്.ഡി.പി.ഐ പിന്തുണ കോൺഗ്രസ് തള്ളിയത് കൊണ്ടായില്ല. അവർ പിന്തുണ പിൻവലിച്ചിട്ടില്ല. തീവ്രവാദ ബന്ധത്തെ തുടർന്ന് നിരോധനമേർപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമായവരുടെ പിന്തുണ സ്വീകരിക്കുന്നതിലൂടെ തീവ്രവാദികളുടെ വോട്ട് നേടുകയാണ് കോൺഗ്രസ്.

ഫണ്ട് ഇരട്ടി നൽകി

കേരളത്തിന് ലഭിക്കേണ്ട കേന്ദ്രഫണ്ടിന്റെ 250 ശതമാനത്തിലധികം കഴിഞ്ഞ പത്ത് വർഷത്തിനിടെ നൽകിയിട്ടുണ്ട്. യാതൊരു വിവേചനവുമില്ലാതെയാണ് കേന്ദ്ര സർക്കാ‌ർ പ്രവർത്തിക്കുന്നത്. കൊച്ചി കപ്പൽ നിർമ്മാണ ശാല, കൊച്ചി മെട്രോ വികസനങ്ങൾ പൂർത്തിയായി. പശ്ചാത്തല വികസനത്തിന് കേരളത്തിൽ വലിയ പദ്ധതികൾ നടപ്പിലാക്കി. മോദി സർക്കാർ ഒരു നിർമ്മാണം തുടങ്ങിയാൽ അത് എത്രയും വേഗത്തിൽ പൂർത്തീകരിക്കും. എന്നാൽ കേരളത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുപദ്ധതിക്ക് തറക്കല്ലിട്ടാൽ അടുത്ത തിരഞ്ഞെടുപ്പ് സമയത്താണ് അതിന്റെ അടിസ്ഥാന നിർമ്മിതി പൂർത്തിയാകുന്നത്.

മോദിക്ക് പ്രീണനമില്ല

ബി.ജെ.പി ഇത്തവണ മുസ്‌‌ലിം സ്ഥാനാർത്ഥികളെ അവഗണിച്ചെന്ന് പറയുന്നവർ 1989 മുതൽ കോൺഗ്രസ് ഒരുമുസ്‌ലിം സ്ഥാനാർ‌ത്ഥിയെ പോലും മത്സിപ്പിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടുന്നില്ല. കോൺഗ്രസ് മുസ്‌ലീങ്ങളെ വോട്ട് ബാങ്കായി കാണുന്നു. മോദി അങ്ങനെ കാണുന്നില്ല. എല്ലാവർക്കും തുല്യനീതി എന്നതിനാൽ ആരെയും പ്രീണിപ്പിക്കുന്നില്ല.

പെട്രോൾ വിലയിൽ പങ്കില്ല

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ 10 -12 രൂപ അധികമാണ് കേരളത്തിൽ ഡീസൽ, പെട്രോൾ ഉത്പന്നങ്ങൾക്ക് നൽകേണ്ടിവരുന്നത്. ഇക്കാര്യം ആരും എന്തുകൊണ്ട് ചോദിക്കുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചാണ് പെട്രോളിന്റേയും ഗ്യാസിന്റേയും വിലകൾ നിശ്ചയിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് യാതൊരു പങ്കുമില്ല.

മോദിയുടെ കരുത്ത്

മോദിയുടെ കീഴിൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. നിലവിലെ അഞ്ചാംസ്ഥാനത്ത് നിന്ന് മൂന്ന് വർഷത്തിനകം മൂന്നാമത്തെ സാമ്പത്തിക ശക്തായി മാറും. ഇന്ത്യയുടെ ശക്തി ലോകം അംഗീകരിച്ചതിന് തെളിവാണ് ഉക്രെയ്ൻ -റഷ്യ യുദ്ധം അവസാനിപ്പിക്കാൻ മോദി ഇടപെടണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടത്.