anil

തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി ജയിക്കാൻ പാടില്ലെന്ന് എകെ ആന്റണി. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതാണ് തുടക്കം മുതലുള്ള തന്റെ നിലപാട്. മക്കളെപ്പറ്റി എന്നെക്കൊണ്ട് അധികം പറയിപ്പിക്കരുത്. ആ ഭാഷ താൻ ശീലിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കെ അദ്ദേഹം പറഞ്ഞു.

എകെ ആന്റണിയുടെ വാക്കുകൾ

'കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണ്. ഞാൻ പ്രചാരണത്തിന് പോകാതെതന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ ജയിക്കും. പ്രചാരണത്തിന് പോകാത്തത് ആരോഗ്യപ്രശ്നം കൊണ്ടാണ്. ബിജെപിയുടെ സുവർണ കാലം കഴിഞ്ഞു. ശബരിമല പ്രശ്നമുണ്ടായ കാലത്തായിരുന്നു സുവർണകാലം. അത് കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് നടക്കാൻപോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പല്ല. ജീവൻ മരണ പോരാട്ടമാണ്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണ്. ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ശ്രമം. ബിജെപി ഭരണം അവസാനിക്കണം. ഭരണഘടനാ മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണിപോലെ സംരിക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടനും ജനാധിപത്യവും അട്ടിമറിക്കപ്പെടും. ബിജെപിക്കെതിരെയും കേരളത്തിൽ പിണറായി ദുർഭരണത്തിനെതിരെയും വിധിയെഴുതണം'.

അതേസമയം. അച്ഛൻ ആന്റണിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് മകൻ അനിൽ ആന്റണി രംഗത്തെത്തി. ആന്റോ ആന്റണി വൻ തോൽവി ഏറ്റുവാങ്ങുമെന്നും താൻ അവിടെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു..ഗാന്ധി കുടുംബത്തിനുവേണ്ടി നിലകൊളളുന്നതിലും സൈന്യത്തെ അപമാനിച്ച ഒരു എംപിക്കുവേണ്ടി പ്രചാരണം നടത്തുന്നതിൽ സഹതാപം മാത്രമാണെന്നും അനിൽ വ്യക്തമാക്കി. കോൺഗ്രസിൽ ഇപ്പോഴുള്ളത് കാലഹരണപ്പെട്ട നേതാക്കൾ മാത്രമാണെന്നും കാലഹരണപ്പെട്ട കോൺഗ്രസുകാർ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണെന്നും പരിഹസിച്ചു. .