
കൊച്ചി: വിഷുക്കാലമായതോടെ ബാങ്കുകളിൽ പുത്തൻ നോട്ടുകൾക്കും നാണയത്തുട്ടുകൾക്കും ആവശ്യക്കാരേറി. പ്രിയപ്പെട്ടവർക്ക് വിഷുക്കൈ നീട്ടം നൽകാൻ പുതുമണം മാറാത്ത നോട്ടുകൾ ബാങ്കുകളിൽ നിന്ന് വാങ്ങാനാണ് തിരക്ക്. ഇക്കുറി വിഷുവിന് ആഴ്ചകൾക്ക് മുമ്പേ തന്നെ പുതിയ നോട്ടുകൾക്കും നാണയങ്ങൾക്കുമായി ബാങ്കുകളിൽ ആവശ്യക്കാരെത്തിയിരുന്നു.
ഒന്ന്, അഞ്ച്, 10, 20, 50, 100, 200, 500 എന്നിങ്ങനെ നോട്ടുകളാണ് വിഷു പ്രമാണിച്ച് ബാങ്കുകളിലെത്തിയത്. 10,20,50,100 നോട്ടുകൾക്കാണ് ആവശ്യക്കാരേറെയും. കെട്ടോടെ ഒന്നിന്റെ നോട്ടുകൾ വാങ്ങാനെത്തിയവരും ഏറെ. ഒരു രൂപ നോട്ടുകൾ വിപണിയിൽ ഇല്ലായിരുന്നെങ്കിലും വിഷു പ്രമാണിച്ച് അച്ചടിച്ചിറക്കിയതാണ്.
നാണയത്തിലെ പുതിയ താരമാര്?
ഇക്കുറി ഇതുവരെ വിഷുക്കൈ നീട്ടത്തിനായുള്ള നാണയത്തുട്ടുകളിൽ താരം 20,10 തുട്ടുകളാണ്.
100 രൂപയുടെ നാണയങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നെങ്കിലും വിപണിയിലെത്തിയില്ല. കൊമ്മൊമ്മറേറ്റീവ് കൊയിൻ എന്ന വിഭാഗത്തിൽപ്പെടുന്നതായതിനാൽ കൊയിൻ മിന്റുകൾ മുഖേനയാകും ഇത് ലഭ്യമാകുക. അതേസമയം, നാണയത്തുട്ടുകൾ പല ബാങ്കിലും ഇല്ലെന്ന് ആവശ്യക്കാർ പരാതിപ്പെടുന്നുണ്ട്.
റിസർവ് ബാങ്ക് ശാഖയിലും സൗകര്യം
മുൻ വർഷങ്ങളിൽ വിഷുവിന് മുന്നേ റിസർവ് ബാങ്ക് കൊച്ചി ശാഖയിൽ പുത്തൻ നോട്ടുകളും നാണയത്തുട്ടുകളും മാറ്റിവാങ്ങാനുള്ള സൗകര്യമൊരുക്കിയിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ ഇതിന് സൗകര്യമുണ്ട്. രാവിലെ 10 മുതൽ രണ്ടു വരെയാണ് ഇത്തരത്തിൽ നോട്ടുകളും നാണയങ്ങളും വാങ്ങാനാവുക.