
പൂക്കളും മറ്റും പൂക്കുന്ന വളരെ സന്തോഷമുള്ള ഒരു കാലമാണ് വസന്തക്കാലം. പൊതുവേ ചൂട് ഉള്ള സമയമാണെങ്കിലും പൂക്കൾ വളരുന്നത് ഈ സമയത്തായിരിക്കും. പല രാജ്യത്തും ഈ സമയം ഒരു സ്വർഗ തൂല്യമായ കാഴ്ച തന്നെ പ്രകൃതി ഒരുക്കുന്നു. ജപ്പാനിൽ വസന്തക്കാലത്ത് പിങ്ക് നിറത്തിലുള്ള പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന കാഴ്ച സോഷ്യൽ മീഡിയയിലും മറ്റും വെെറലാണ്.
എന്നാൽ ശരിക്കും ജപ്പാനിലുള്ളവർക്ക് വസന്തക്കാലം കുറച്ച് അസ്വസ്ഥത ഉള്ളവാക്കുന്ന കാലമാണ്. സാധാരണ ഫെബ്രുവരി അവസാനം മുതൽ ഏപ്രിൽ പകുതി വരെയുള്ള ഈ വസന്തക്കാലത്ത് ജനങ്ങൾക്കിടയിൽ അലർജിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. അതുകൊണ്ട് തന്നെ ഈ സമയം ജോലി ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനെ 'ഹേ ഫീവർ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ കമ്പനികൾ.
ജപ്പാനീസ് പൗരനായ നവോക്കി ഷിഗിഹാരയ്ക്ക് അലർജിയുടെ ഭാഗമായി പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ് നവോക്കി. ഇതുകാരണം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തിന്റെ കമ്പനിയിലെ അധികൃതർ 'ട്രോപ്പിക്കൽ എസ്കേപ്പ്' എന്ന ഒരു പ്രോഗ്രാം വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രകാരം ഈ അലർജി വരുന്ന സീസണിൽ നവോക്കിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. അവിടെ ഇരുന്നു അദ്ദേഹത്തിന് ജോലി ചെയ്യാം. ഇതിന്റെ ഭാഗമായി ഏകദേശം 1,300 ഡോളർ (ഒരു ലക്ഷത്തിലധികം രൂപ) വരെ കമ്പനി നൽകുകയും ചെയ്യുന്നു.
കമ്പനികളുടെ ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരവധി ആളുകളാണ് വസന്തകാലത്ത് ഇവിടെ നിന്ന് മാറി മറ്റ് സ്ഥലങ്ങളിൽ പോയി താമസിക്കുന്നത്. 20 വയസ്സുള്ള നവോക്കി കമ്പനിയുടെ ഈ പദ്ധതി ഉപയോഗിച്ച് രണ്ട് വർഷമായി തെക്കൻ ജപ്പാനീസ് ദ്വീപായ ഒകിനാവയിലാണ് താമസിക്കുന്നത്. എല്ലാ വസന്തകാലത്തും ജപ്പാനിലെ ദശലക്ഷക്കണക്കിന് ജീവനക്കാർക്കാണ് 'ഹേ ഫീവർ' ബാധിക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
2019ലെ കണക്ക് അനുസരിച്ച് 40ശതമാനത്തോളം ആളുകൾ ജപ്പാനിൽ ഹേ ഫീവറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്നാണ് ജപ്പാനീസ് സർക്കാരും ഏതാനും കമ്പനികളും ചേർന്ന് 'ട്രോപ്പിക്കൽ എസ്കേപ്പ്' പോലുള്ള പദ്ധതി കൊണ്ടുവന്നത്. ജപ്പാനിലെ 20ശതമാനത്തോളം കമ്പനികൾ ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്.