വർക്കല: റോഡ് നിയമങ്ങളും നിയന്ത്രണങ്ങളും വകവയ്ക്കാതെയുള്ള സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുള്ള ചെറുതും വലുതുമായ വാഹനാപകടങ്ങളുടെ എണ്ണം വർക്കലയിൽ ദിനംപ്രതി വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിലും അഞ്ചുതെങ്ങ് സ്വദേശിനിയായ വീട്ടമ്മ മരണപ്പെട്ടിരുന്നു. വർക്കല - കല്ലമ്പലം, വർക്കല - പാരിപ്പള്ളി, വർക്കല - ഇടവ റോഡുകളിലാണ് ബസുകളുടെ മരണപ്പാച്ചിൽ അധികവും. പാരിപ്പള്ളി, ഇടവ റൂട്ടുകളിൽ റെയിൽവേ ഗേറ്റ് കടക്കാനുള്ള പരക്കം പാച്ചിലാണ്. ഇതിനൊപ്പം മത്സരയോട്ടവും. തിരക്കുപിടിച്ച ജീവിതത്തിൽ റോഡ് സുരക്ഷാനിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് വാഹനമോടിക്കൽ. കൃത്യമായ പരിശീലനത്തിനും ബോധവത്കരണ ക്ലാസുകൾക്കും ശേഷമാണ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതെങ്കിലും അപകടകരമായ ഡ്രൈവിംഗ് മൂലം റോഡിൽ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. വാഹനങ്ങളുടെ അമിതവേഗത, രൂപമാറ്റം വരുത്തൽ, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന തരത്തിൽ സൈലൻസർ ഘടിപ്പിക്കൽ, ഉയർന്ന വെട്ടമുള്ള ഹെഡ് ലൈറ്റുകളുടെ ഉപയോഗം എന്നിവ കൂടി വരുന്നതായി ആർ.ടി.ഒയുടെ സമീപകാല പരിശോധനകളിൽ കണ്ടെത്തിയിരുന്നു.
ബസ് റൂട്ട് സമയം പുനക്രമീകരിക്കണം
മിനിട്ടുകൾ മാത്രം വ്യത്യാസമുള്ള സമയക്രമങ്ങളാണ് സ്വകാര്യബസുകളുടേത്. ഇത് മത്സരയോട്ടത്തിന് കളമൊരുക്കുന്നു. സമയക്രമം പാലിച്ചില്ലെന്ന പേരിൽ ബസ് ജീവനക്കാർ തമ്മിൽ വഴക്കും വാക്കേറ്റവും ഉണ്ടാവുന്നത് പലപ്പോഴും യാത്രകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. റൂട്ട് സമയം പുനക്രമീകരിക്കുന്നതിലൂടെ മത്സരയോട്ടത്തിന് തടയിടാൻ കഴിയുമെന്നും അധികൃതർ ഇതിന് തയാറാവണമെന്നും വിവിധ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെടുന്നു.
അമിതവേഗത അവസാനിപ്പിക്കണം
റോഡ് അപകടങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോഴും വേഗം നിയന്ത്രിക്കാനുള്ള പരിശോധനകൾ ഫലപ്രദമായി നടക്കുന്നില്ലെന്നും പരാതിയുണ്ട്. ബസുകളിലെ വേഗപ്പൂട്ട് സംവിധാനം തകരാർമൂലം പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തുന്നത് പലപ്പോഴും റോഡ് അപകടമരണങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ്. ഉച്ചത്തിൽ ഹോൺ തുടർച്ചയായി മുഴക്കി അമിതവേഗത്തിലെത്തി ചെറിയ വാഹനങ്ങളിലെ യാത്രക്കാരെ സമ്മർദ്ദത്തിലാക്കിയാണ് സ്വകാര്യ ബസുകളുടെ യാത്ര. മാറ്റിയില്ലെങ്കിൽ ഇടിക്കുമെന്ന രീതിയിൽ വാഹനത്തോട് തൊട്ടുചേർന്നാണ് കടന്നുപോകുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭയത്തോടെ സഞ്ചരിക്കേണ്ട അവസ്ഥയാണിപ്പോൾ. യാത്രക്കാരുമായി വരുന്നതിനാൽ ബസുകൾ പലപ്പോഴും പരിശോധിക്കാറില്ല. കൃത്യമായ ഇടവേളകളിൽ പരിശോധന ശക്തമാക്കാത്തത് നിയമ ലംഘനങ്ങളും അപകടങ്ങളും വർദ്ധിക്കുന്നതിന് വഴിയൊരുക്കും.