
ഫ്രീടൗൺ:മാരകമയക്കുമരുന്നിന്റെഉപയോഗവും വിൽപ്പനയും വ്യാപകമായതോടെ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ.'കുഷ്' എന്ന മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെയാണ് പ്രസിഡന്റ്രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സോംബി മയക്കുമരുന്നായകുഷിന്റെ ഉപയോഗം കാരണം മരണങ്ങൾ വർധിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് പരിചരണവും പിന്തുണയും നൽകാനായി പരിശീലനം നേടിയ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
കുഴിമാടത്തിലും രക്ഷയില്ല...
ചില വിഷപദാർഥങ്ങൾക്കൊപ്പം മനുഷ്യന്റെ അസ്ഥിയും ചേർത്താണ് കുഷ് എന്ന സോംബി മയക്കുമരുന്ന് നിർമിക്കുന്നത്. അതിനാൽ തന്നെ മയക്കുമരുന്ന് നിർമിക്കാനുള്ള അസ്ഥികൾക്കായി കുഴിമാടങ്ങൾ കുഴിക്കുന്നതും രാജ്യത്ത് നിത്യസംഭവമായിരിക്കുകയാണ്.ഇത്തരത്തിൽ അസ്ഥികൾ മോഷ്ടിക്കാനായി രാജ്യത്താകെ ആയിരക്കണക്കിന് ശവകൂടീരങ്ങൾ തകർക്കപ്പെട്ടതായാണ് വിവരം. ഇതേത്തുടർന്ന് രാജ്യതലസ്ഥാനമായ ഫ്രീടൗണിൽ ഉൾപ്പെടെ ശ്മശാനങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആറുവർഷം മുൻപാണ് ഈ മയക്കുമരുന്ന് ആദ്യമായി സിയറ ലിയോണിൽ പലരും ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് കുഷിന് യുവാക്കൾക്കിടയിൽ വൻപ്രചാരം ലഭിച്ചതോടെ ഉപയോഗം വ്യാപകമായി.കുഷിന് അടിമകളായവർ വീർത്ത കൈകാലുകളുമായി തെരുവുകളിൽകഴിയുന്നത്സിയറ ലിയോണിലെ സ്ഥിരംകാഴ്ചയാണ്.
മരണം നിരവധി...
കുഷിന്റെ ഉപയോഗം കാരണം ഏതാനും മാസങ്ങൾക്കിടെ നൂറുകണക്കിന് യുവാക്കളാണ്മരിച്ചെന്നാണ് ഫ്രീടൗണിലെ ഒരു ഡോക്ടർ പ്രതികരിച്ചത്.ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല.ഇതിന്റെഉപയോഗം കാരണം അവയവങ്ങൾ തകരാറിലായാണ് ഇവരുടെ മരണം.
കൂടാതെരാജ്യത്തെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020നും 2023നും ഇടയിൽ കുഷിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയവരുടെ എണ്ണം നാലായിരം ശതമാനത്തോളം വർധിച്ചതായാണ് കണക്ക്.
മയക്കമരുന്നിന്റെ വ്യാപനം തടയാനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ശരിയായ തീരുമാനമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. അതേസമയം, ലഹരിക്കടിമകളായവരെ പുനരധിവസിപ്പിക്കാനും മറ്റും മതിയായ സൗകര്യങ്ങളില്ലാത്തതും രാജ്യത്ത് വെല്ലുവിളിയാണ്. നിലവിൽ ഫ്രീടൗണിൽ മാത്രമാണ് പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്. നൂറോളം കിടക്കകളുള്ള ഈ കേന്ദ്രം ഒരു സൈനിക പരിശീലന കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നതെന്നും തിടുക്കത്തിലാണ് ഇത് നിർമിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.