കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മീനഭരണി മഹോത്സവത്തിനെത്തിയ യുവാവ് ബസിന് മുകളിൽ കിടന്നുറങ്ങവേ താഴെ വീണ് മരിച്ചു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ ബാലക്കുളം കുറിച്ചനഗർ സ്വദേശി മണിയുടെ മകൻ മനീഷ് കുമാർ (28) ആണ് ബസിന് മുകളിൽ നിന്നും വീണ് മരിച്ചത്.

35 അംഗ സംഘത്തോടൊപ്പമാണ് മനീഷ് കുമാർ മീനഭരണി മഹോത്സവത്തിന് എത്തിയത്. തിങ്കളാഴ്ച വൈകിട്ട് ഇവർ വന്ന ബസ് കൊടുങ്ങല്ലൂർ ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നൽ പരിസരത്ത് നിറുത്തിയശേഷം രാത്രി മറ്റുള്ളവരോടൊപ്പം മനീഷ് ബസിന്റെ മുകളിൽ കയറി ഉറങ്ങിയിരുന്നു. ഇതിനിടെ ഉറക്കത്തിൽ ഇയാൾ ബസിന്റെ മുകളിൽ നിന്നും താഴെ വീണു.

പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഉടൻ കൂടെയുണ്ടായിരുന്നവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് ഇൻക്വസ്റ്റിനു ശേഷം കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോയി.