
ന്യൂഡൽഹി: പ്രസിഡന്റായ തന്നെ ഒതുക്കാൻ ഭരണസമിതിയിലെ ചിലർ ശ്രമിക്കുന്നതായ ഇതിഹാസതാരം പി.ടി ഉഷയുടെ വെളിപ്പെടുത്തലോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ (ഐ.ഒ.എ.) അഭിപ്രായഭിന്നതകൾ വീണ്ടും വെളിച്ചത്തുവന്നു. കുറച്ചു നാൾ മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ടിരുന്ന സംഘടനയിൽ സമവായമുണ്ടാക്കാൻ കേന്ദ്ര കായിക മന്ത്രാലയം ഇടപെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഭരണസമിതി അംഗങ്ങൾക്കെതിരെ ഉഷ പരസ്യമായി രംഗത്തുവന്നതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. പാരീസ് ഒളിമ്പിക്സ് അടുത്തുകൊണ്ടിരിക്കേയാണ് ഐ.ഒ.എയിൽ തമ്മിലടി രൂക്ഷമാകുന്നത്.
ചില അംഗങ്ങൾ തന്നെ ഒതുക്കാൻ ശ്രമിക്കുന്നെന്നാണ് ഉഷ ആരോപിച്ചതെങ്കിലും മുഴുവൻ പേരും അവർക്കെതിരെയാണെന്നാണ് റിപ്പോർട്ടുകൾ. ഉഷ നിയമിച്ച ഓഫീസ് സി.ഇ.ഒയെ പുറത്താക്കിയതായി കമ്മിറ്റി അംഗങ്ങൾ കത്തുനൽകിയതാണ് പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാക്കിയത്. ജനുവരിയിൽ ഉഷ നിയമിച്ച രഘുറാം അയ്യർ ഓഫീസ് വളപ്പിൽ കയറരുതെന്ന് നോട്ടീസ് പതിപ്പിക്കുകയും ചെയ്തു.സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, വൈസ് പ്രസിഡന്റുമാരായ ഗഗൻ നാരംഗ്, രാജലക്ഷ്മി സിംഗ് ദിയോ, ട്രഷറർ സഹദേവ് യാദവ്, അംഗങ്ങളായ ഡോള ബാനർജി, ഹർപാൽ സിംഗ്, യോഗേശ്വർ ദത്ത്, അമിതാഭ് ശർമ, ഭൂപീന്ദർ സിംഗ് ബജ്വ എന്നിവരാണ് നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്.
ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുൻ സി.ഇ.ഒ രഘുറാം അയ്യരെ ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒ ആയി നിയമിച്ച കാര്യം ജനുവരി ആറിനാണ് രാജ്യസഭാംഗംകൂടിയായ പ്രസിഡന്റ് അറിയിച്ചത്. അസോസിയേഷനിലെ 15ൽ 12 നിർവാഹക സമിതി അംഗങ്ങളും ഈ തീരുമാനം അംഗീകരിച്ചിരുന്നില്ല. യോഗത്തിന്റെ അജണ്ടയിലില്ലാത്ത കാര്യം ഉഷ സമ്മർദത്തിലൂടെ നടപ്പാക്കുകയായിരുന്നുവെന്നാണ് ഇവർ ആരോപിച്ചത്. പ്രതിവർഷം മൂന്നുകോടി രൂപയാണ് സി.ഇ.ഒക്ക് പ്രതിഫലം. ഇതെല്ലാം ഉഷ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്നും അംഗങ്ങൾ ആരോപിച്ചു. തുടർന്നാണ് സി.ഇ.ഒയെയും പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് അസിസ്റ്റന്റായ റിട്ട. ക്യാപ്ടൻ അജയ് കുമാർ നാരംഗിനെയും പിരിച്ചുവിട്ടതായി ഇവർ പ്രഖ്യാപിച്ചത്. എതിർപ്പുകളെ ലജ്ജാകരമെന്ന് വിശേഷിപ്പിച്ച ഉഷ, അസോസിയേഷനിലെ ഭിന്നതകൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കിന് കാരണമാവുമെന്നും മുന്നറിയിപ്പ് നൽകി.
ഐ.ഒ.എ അംഗങ്ങൾക്ക് ഒരു ടീം എന്ന നിലയിൽ ഒരുമയോടെ പ്രവർത്തിക്കാനാകുന്നില്ലെന്നത് വേദനാകരമാണ്. ഉദ്യോഗസ്ഥരെ നിയമിക്കുകയും പുറത്താക്കുകയുമല്ല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചുമതല. ഇന്ത്യൻ സ്പോർട്സിനെ പുതിയ ഉയരത്തിലേക്ക് നയിക്കാനാണ് കമ്മിറ്റിയുടെ അധികാരം ഉപയോഗിക്കേണ്ടത്
പി.ടി -ഉഷ