n

ടെൽ അവീവ്: പാലസ്തീനിലെ റഫയിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിലേക്കുള്ള പ്രവേശനവും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കലും ആവശ്യമാണെന്നാണ് നെതന്യാഹു പറഞ്ഞത്. അത് സംഭവിക്കും. തീയതി കുറിച്ചിട്ടുണ്ടെന്ന് പറഞ്ഞ നെതന്യാഹു എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഗാസയുടെ തെക്ക് ഭാഗത്തുള്ള റഫയിൽ 10 ലക്ഷത്തിലധികം ജനങ്ങളുണ്ട്. അവർ ഭക്ഷണം, വെള്ളം, പാർപ്പിടം തുടങ്ങിയവ ഇല്ലാതെ വലയുകയാണ്. അതിനിടെയാണ് ഇസ്രയേലിന്റെ ആക്രമണ ഭീഷണി.

തങ്ങൾ എപ്പോഴും ലക്ഷ്യം നേടാനായി പ്രവർത്തിക്കുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിച്ച് സമ്പൂർണ്ണ വിജയം കൈവരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റഫയിൽ ആക്രമണം നടത്താനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ കടുത്ത എതിർപ്പാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്. ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഉൾപ്പെടെ റഫ ആക്രമണത്തിനെതിരെ രംഗത്തുവന്നിരുന്നു. നേരത്തെ സുരക്ഷിത സ്ഥലമെന്ന് പറഞ്ഞാണ് ഗാസയിലുടനീളമുള്ള ജനങ്ങളെ റഫയിലേക്ക് ആട്ടിത്തെളിച്ചത്. ദശലക്ഷത്തിലധികം വരുന്ന മനുഷ്യരെ കരയാക്രമണത്തിന് മുന്നോടിയായി ഇവിടെ നിന്ന് ഒഴിപ്പിക്കൽ സാധ്യമല്ലെന്നാണ് യു.എസ് അടക്കം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം എല്ലാ ബന്ദികളെയും മോചിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു അവകാശപ്പെടുമ്പോഴും ബന്ദികളെ എല്ലാവരെയും മോചിപ്പിക്കാൻ കഴിയാത്തതിൽ ഇസ്രയേലിൽ അമർഷം ശക്തമാവുകയാണ്. ടെൽ അവീവ് അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പതിനായിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾക്കൊപ്പം ബന്ദികളുടെ ബന്ധുക്കളും അണിചേർന്നു. നെതന്യാഹു രാജിവയ്ക്കണമെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഒരാളുടെ മൃതദേഹം ഇസ്രയേൽ സേന കണ്ടെടുത്തതിന് പിന്നാലെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇസ്രയേൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിദേശ പൗരന്മാർ ഉൾപ്പെടെ 253 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്.