arrested

ആയൂർ: മോഷ്ടിച്ച മൊബെെൽ ഫോൺ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി. ഫോൺ സ്വിച്ച് ഓഫ് ചെയ്യാത്തതിനാൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് കുപ്രസിദ്ധ മോഷ്ടാവ് ഗോപിയെ കെെയോടെ പിടികൂടുകയായിരുന്നു. ഇളമാട് സ്വദേശി രമണിയുടെ വീട്ടിൽ നിന്നാണ് മൊബെെൽ ഫോണും വാച്ചും 5000 രൂപയും ഗോപി മോഷ്ടിച്ചത്. ചടയമംഗലം പൊലീസിന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പിടിയിലായ പ്രതി നിരവധി മോഷണക്കേസിലെ പ്രതിയാണെന്നും ചടയമംഗലം, കടയ്ക്കൽ, പൂയപ്പള്ളി, ചാത്തന്നൂർ, പാരിപ്പള്ളി,പള്ളിക്കൽ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ നാലാം തീയതിയായിരുന്നു സംഭവം. വീടിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ട് അകത്ത് കയറിയ ഗോപി മേശയുടെ മുകളിൽ ഇരുന്ന 12,500 രൂപ വില വരുന്ന മൊബൈൽ ഫോൺ, 3000 രൂപ വിലയുള്ള വാച്ച്,​ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 5000 രൂപ എന്നിവ മോഷ്ടിക്കുകയായിരുന്നു. ശേഷം പ്രതി അവിടെ നിന്ന് പരവൂറിലേക്ക് പോയി.

സെെബർ പൊലീസിന്റെ സഹായത്തോടെ ഫോണിന്റെ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് പരവൂർ എത്തി ഗോപിയെ പിടികൂടി. മോഷ്ടിച്ച മൊബെെൽ ഫോൺ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. എന്നാൽ വാച്ച് ആയൂരിൽ ഒരാൾക്ക് വിറ്റതായാണ് പ്രതി മൊഴി നൽകിയത്.