ramzan

മലപ്പുറം: ഒരു മാസത്തെ നോമ്പ് കാലത്തിന് സമാപ്തി കുറിച്ച് വിശ്വാസികള്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. മാസപ്പിറ കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.

ചെറിയ പെരുന്നാളായതിനാല്‍ നാളെ പള്ളികളില്‍ വിപുലമായ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കും. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫിയും അറിയിച്ചു.

പൊന്നാനിയില്‍ മാസപ്പിറവി കണ്ട സാഹചര്യത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍ (ചെറിയപെരുന്നാള്‍ ) ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെഎന്‍എം) കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയും അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.