dam

തിരുവനന്തപുരം: ചൂട് വര്‍ദ്ധിക്കുകയും വേനല്‍ മഴ പേരിന് മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ സംസ്ഥാനത്തെ പല ജലസംഭരണികളിലും വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. വേനല്‍മഴ പെയ്തില്ലെങ്കില്‍ കുടിവെള്ളക്ഷാമം ഉള്‍പ്പെടെയുള്ള അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ ഡാമിലെ അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഡാമില്‍ ഇനി 78 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.

പേപ്പാറ ഡാമില്‍ നിന്ന് അരുവിക്കര ഡാമിലെത്തിച്ച് ശുദ്ധീകരിച്ചാണ് തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം നടത്തുന്നത്. അതുകൊണ്ട് തന്നെ വേനല്‍മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ ജൂണ്‍ പകുതിയോടെ ജലവിതരണം പ്രതിസന്ധിയിലാകും. പേപ്പാറ ഡാമില്‍ 107.5 മീറ്റര്‍ ജലം സംഭരിക്കാനുള്ള അനുമതിയാണുള്ളത്. ഏപ്രില്‍ ആറിന് 102 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. വേനലായതോടെ ഒരു ദിവസം 5 മുതല്‍ 7 സെന്റീമീറ്റര്‍ വരെയാണ് ജലനിരപ്പ് താഴുന്നത്.

മാര്‍ച്ച് മുതലാണ് പേപ്പാറയില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയത്. 3,60,375 ദശലക്ഷം ലീറ്റര്‍ വെള്ളമാണ് പേപ്പാറയില്‍ നിന്ന് അരുവിക്കരയിലെത്തിച്ച ശേഷം നഗരത്തിന്റെ ആവശ്യത്തിനായി പമ്പ് ചെയ്യുന്നത്. ഇവിടെ നിന്നുള്ള ജലം പ്രതിദിനം 12 ലക്ഷം നഗരവാസികളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.വേനല്‍ കടുത്താല്‍ ജലനിരപ്പ് ഒരു ദിവസം 10 സെന്റീമീറ്റര്‍ വരെ താഴ്‌ന്നേക്കാം. പേപ്പാറ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വരള്‍ച്ച രൂക്ഷമാണ്.

പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിലുള്ള പേപ്പാറ ഡാമിന്റെ പരമാവധി സംഭരണ ശേഷി 110.5 മീറ്റര്‍ വരെയാണ്. 107.5 മീറ്റര്‍ വരെ ജലം സംഭരിക്കാന്‍ മാത്രമാണ് വനം വന്യജീവി വകുപ്പ്, ജല അതോറിറ്റിക്ക് അനുമതി നല്‍കിയിട്ടുള്ളത്. വേനല്‍ മഴ ലഭിക്കാത്ത അവസ്ഥയുണ്ടായാല്‍ ഇവിടെ നിന്ന് അരുവിക്കരയിലേക്ക് ജലം എത്തിക്കാന്‍ കഴിയില്ലെന്നത് വലിയ ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്. 2017ല്‍ വേനല്‍മഴയും കാലവര്‍ഷവും വൈകിയതിനെ തുടര്‍ന്ന് പേപ്പാറ അണക്കെട്ടിലെ വെള്ളം വറ്റിയതിനാല്‍ നഗരത്തിലേക്കുള്ള ജലവിതരണം മുടങ്ങിയിരുന്നു.