earth

ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം ഏതാണ്? ശാന്തമഹാ സമുദ്രം എന്നാണ് എല്ലാവരും അറിയുന്നത്. എന്നാൽ ഭൂമിയിലെ എല്ലാ സമുദ്രങ്ങളെക്കാളും വലിയൊരു സമുദ്രം ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. ഭൂമിയുടെ ഉൾക്കാമ്പിൽ 700 കിലോമീറ്റർ അകത്താണിത്. ഭൂമിയിൽ ഇന്ന് ആകെ അഞ്ചോളം സമുദ്രങ്ങൾ ഉണ്ടെന്നാണ് അമേരിക്കയടക്കം വാദിക്കുന്നത്. ഇവയെയെല്ലാം കടത്തിവെട്ടുന്ന ഈ സമുദ്രങ്ങളുടെ മൂന്നിരട്ടി വലിപ്പമാണ് ഇതിനെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഇല്ലിനോയിസിലെ നോർത്ത്‌വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകരാണ് അമ്പരപ്പിക്കുന്ന ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

റിംഗ്‌വുഡൈറ്റ് എന്ന പ്രത്യേകതരം നീലനിറമേറിയ പാറയിലുള്ള ജലശേഖരം നമ്മുടെ ഭൂമിയിൽ വെള്ളത്തിന്റെ വരവിനെക്കുറിച്ചുള്ള ചിന്തകളെല്ലാം മാറ്റിമറിച്ചു. മുൻപ് ഭൂമിക്കുപുറത്തുനിന്ന് ഒരു ധൂമകേതു ഇവിടെ പതിച്ചുണ്ടായ പ്രതിപ്രവർത്തനമാണ് വെള്ളം ഭൂമിയിലുണ്ടാകാൻ കാരണം എന്ന് വിശ്വസിച്ചിരുന്നു നാം. സമുദ്രങ്ങളുടെ ഉൽഭവം അകക്കാമ്പിൽ നിന്ന് തന്നെയാകാം എന്ന ചിന്തയാണ് ഇപ്പോൾ ഗവേഷകർക്ക്. ഭൂമിയിലെ ജലം അകക്കാമ്പിൽ തന്നെ രൂപപ്പെട്ടതാണെന്ന് തെളിയിക്കുന്ന സൂചനയാണിതെന്ന് ഗവേഷണത്തിന് നേതൃത്വമേകിയ സ്റ്റീവൻ ജേക്കബ്‌സെൻ പറഞ്ഞു.

അമേരിക്കയിൽ 2000ത്തോളം സീസ്‌മോഗ്രാഫുകളെ ഉപയോഗിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്. 500ഓളം ഭൂമികുലുക്കങ്ങളെ പഠിച്ച ഈ ഉപകരണങ്ങൾ ഭൂമിയുടെ ഉള്ളിലെ നീക്കങ്ങൾ സൂക്ഷ്‌മമായി പഠിച്ചാണ് ഈ നിഗമനത്തിൽ എത്തിയത്. മുൻപ് വലിയ പർവതങ്ങളുടെ അഗ്രം മാത്രം കാണുന്നതരത്തിൽ വലിയ തോതിൽ ഭൂമിയാകെ വെള്ളം ചുറ്റപ്പെട്ടിരിന്നിരിക്കാം എന്നാണ് ഗവേഷകർ നൽകുന്ന സൂചന.