
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന അരിയേക്കാളും ആരോഗ്യത്തിനും പ്രമേഹ രോഗികൾക്കും ഉപയോഗിക്കാവുന്ന ഒരു അരിയാണ് ബ്ലാക്ക് റൈസ്. കടുത്ത പർപ്പിൾ നിറത്തിലാണ് ബ്ലാക്ക് റൈസ് കാണപ്പെടുന്നത്. തിളപ്പിക്കുമ്പോൾ വെളളത്തിനും ഇതേ നിറം വരും. ചൈനയിലാണ് ഈ അരി വ്യാപകമായി ഉപയോഗിച്ചിരുന്നത്. നല്ല മൃദുത്വമുള്ളതും രുചികരവുമാണ് ഈ അരി. നമ്മുടെ തലച്ചോറിന്റെ കൃത്യമായ പ്രവർത്തനത്തിനും ഞരമ്പുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ ഓരോ കോശങ്ങളുടെ ആരോഗ്യം നിലനിറുത്തുന്നതിനും ഇതിലെ ആന്റി ഓക്സിഡന്റ്സിന്റെ സാന്നിദ്ധ്യം വളരെയധികം സഹായിക്കും.
ചൈനയിലും ജപ്പാനിലുമടക്കം നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ ബ്ളാക്ക് റൈസ് ഉപയോഗിച്ചിരുന്നു, ചക്രവർത്തിയുടെ അരി എന്നെല്ലാം ഇതിന് വിളിപ്പേരുണ്ടായിരുന്നു. കനത്ത വിലയായതിനാൽ രാജകുടുംബാംഗങ്ങൾക്കാണ് അധികവും ഈ അരി ഉപയോഗിക്കാനായിരുന്നത്. ഇരുമ്പിന്റെ അംശം വളരെയധികമുള്ള അരിയാണിത്. ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണത്തിന് ഇത് വളരെ ആവശ്യമാണ്. ആന്റി ഓക്സിഡന്റിനാൽ സമ്പന്നമായതിനാൽ ശരീരത്തിനെ പ്രായമാകുന്നതിൽ നിന്ന് പ്രതിരോധിക്കുന്നു, ചെറുപ്പം നിലനിർത്തും.ഒപ്പം സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതിനാൽ നിങ്ങളെ എപ്പോഴും ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാകാനും ഇത് സഹായിക്കുന്നു.