
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഏറ്റവും ധനികനായ സ്ഥാനാർത്ഥി ആരെന്ന വിവരം പുറത്ത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനും കോൺഗ്രസ് എംപിയുമായ നകുൽ നാഥ് ആണ് ഏറ്റവും സമ്പന്നനായ മത്സരാർത്ഥി. 717 കോടി രൂപയുടെ ആസ്തിയാണ് നകുലിന്റെ പേരിലുള്ളത്.
മദ്ധ്യപ്രദേശിലെ ചിന്ദ്വാര ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് നകുൽ നാഥ് ജനവിധി തേടുന്നത്. തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്ന് മത്സരിക്കുന്ന എ ഐ എ ഡി എം കെയുടെ അശോക് കുമാർ ആണ് ധനിക സ്ഥാനാർത്ഥികളിൽ രണ്ടാം സ്ഥാനത്ത്. 662 കോടി രൂപയുടെ ആസ്തിയാണുള്ളത്. 304 കോടി രൂപയുടെ ആസ്തിയുള്ള ശിവഗംഗയിലെ ബിജെപി സ്ഥാനാർത്ഥി ദേവനാഥൻ യാദവ് ആണ് മൂന്നാമത്.
കമൽനാഥും നകുലും ബി ജെ പിയിലേക്ക് പോകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയർന്നിരുന്നു. 2023 ൽ നടന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും പാർട്ടിയിൽ അതൃപ്തരാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 50 വർഷം മുമ്പാണ് കമൽനാഥ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ ഇപ്പോൾ പാർട്ടിയിൽ മാറ്റങ്ങളുണ്ടായെന്നും ഇത് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നെന്നുമായിരുന്നു റിപ്പോർട്ട്.
എന്നാൽ 1979ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, തന്റെ മൂന്നാമത്തെ മകൻ എന്നായിരുന്നു കമൽനാഥിനെ വിശേഷിപ്പിച്ചിരുന്നതെന്നും അദ്ദേഹം ബി ജെ പിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
അതേസമയം, ഏഴ് ഘട്ടങ്ങളിലാണ് ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 19 ന് ആരംഭിക്കും. ഏപ്രിൽ 26നാണ് രണ്ടാം ഘട്ടം നടക്കുക. കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്നാം ഘട്ടം മേയ് ഏഴിനും നാലാം ഘട്ടം മേയ് 13നും അഞ്ചാം ഘട്ടം മേയ് 20നും ആറാം ഘട്ടം മേയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ 4 നാണ് വോട്ടെണ്ണൽ.