
ദ്രവ്യത്തിന്റെ അടിസ്ഥാനമായ സൂക്ഷ്മകണങ്ങൾക്ക് പിണ്ഡം നല്കുന്ന ഒരു അദൃശ്യകണത്തിനു പിന്നാലെയായിരുന്നു പീറ്റർ ഹിഗ്സ് എന്ന ശാസ്ത്രജ്ഞന്റെ സഞ്ചാരം. ആ യാത്രയുടെ അവസാനം അദ്ദേഹം ദൈവകണത്തിന്റെ സാന്നിദ്ധ്യം പ്രവചിച്ചു! കഴിഞ്ഞ ദിവസം അന്തരിച്ച പീറ്രർ ഹിഗ്സിനെ ഓർക്കുമ്പോൾ...
ദൈവകണം എന്ന അദൃശ്യ കണികയാണ് പ്രപഞ്ചത്തിലെ സമസ്ത വസ്തുക്കളുടെയും സൃഷ്ടിക്കു പിന്നിലെന്ന് അറുപത് വർഷം മുമ്പ് പ്രവചിച്ച ശാസ്ത്ര പ്രതിഭയാണ് കഴിഞ്ഞ ദിവസം, തൊണ്ണൂറ്റിനാലാം വയസിൽ എഡിൻബറയിൽ അന്തരിച്ച പീറ്റർ ഹിഗ്സ്. ആ പ്രവചനം അരനൂറ്റാണ്ടോളം പിന്നിട്ടപ്പോൾ ശാസ്ത്രജ്ഞർ ദൈവകണത്തെ കണ്ടെത്തുക
തന്നെ ചെയ്തു. 1964 ഒക്ടോബറിലായിരുന്നു അന്നുവരെ അജ്ഞാതമായിരുന്ന കണികയെപ്പറ്റി ഭൗതിക ശാസ്ത്രജ്ഞനായ ഹിഗ്സിന്റെ പ്രവചനം. അതിനും നാൽപ്പതു വർഷം മുമ്പ് 1924-ൽ ഇന്ത്യൻ ശാസ്ത്രജ്ഞൻ സത്യേന്ദ്ര നാഥ് ബോസ് ആണ് ബോസോൺ കണികാ സിദ്ധാന്തം ആദ്യം ആവിഷ്കരിച്ചത്.
യഥാർത്ഥത്തിൽ ദൈവകണത്തിന്റെ പിതാവ് സത്യേന്ദ്ര നാഥ് ബോസാണ്. ബോസോൺ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയായിരുന്നു പീറ്റർ ഹിഗ്സിന്റെ ഗവേഷണം. ദൈവകണത്തിന്റെ പേരിൽ സത്യേന്ദ്ര ബോസ് ആഘോഷിക്കപ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെയും ഹിഗ്സിന്റെയും പേരുകൾ ചേർത്ത് ഹിഗ്സ് ബോസോൺ എന്ന് ആ കണിക അറിയപ്പെട്ടു. അദൃശ്യമായി സർവതിലും നിറഞ്ഞു നിൽക്കുന്നതിനാൽ ദൈവകണം (ഗോഡ്സ് പാർട്ടിക്കിൾ) എന്ന അലങ്കാരപ്പേരും കിട്ടി (ആർക്കും പിടിതരാത്തതിനാൽ നശിച്ച കണിക എന്ന അർത്ഥത്തിൽ പ്രയോഗിച്ച ഗോഡ്ഡാം പാർട്ടിക്കിൾ (Goddamn Particle ) ആണ് പിന്നെ ഗോഡ്സ് പാർട്ടിക്കിൾ ആയത്)!
ഹിഗ്സ് പ്രവചിച്ച ദൈവകണത്തെ 48 വർഷത്തിനു ശേഷം 2012-ൽ ജനീവയിലെ ലാർജ് ഹാഡ്രോൺ കൊളൈഡർ എന്ന പരീക്ഷണശാലയിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. പതിറ്റാണ്ടുകൾ നീണ്ട ദൈവകണ ഗവേഷണത്തിന് പിറ്റേ വർഷം (2013) പീറ്റർ ഹിഗ്സും ബെൽജിയൻ ശാസ്ത്രജ്ഞൻ ഫ്രാൻസ്വ ഇംഗ്ളർട്ടും നോബൽ സമ്മാനം പങ്കിട്ടു. ഇംഗ്ളറിന്റെ സ്വന്തം ഗവേഷണത്തിലും ദൈവകണത്തിന്റെ സാദ്ധ്യത പ്രവചിച്ചിരുന്നു.
ആധുനിക ശാസ്ത്രത്തിൽ കണികാ ഗവേഷണത്തിലെ ഏറ്റവും വലിയ കണ്ണിയാണ് പീറ്റർ ഹിഗ്സിന്റെ മരണത്തോടെ അറ്റുപോകുന്നത്. 1929-ൽ ബ്രിട്ടനിലാണ് പീറ്റർ ഹിഗ്സിന്റെ ജനനം. കിംഗ്സ് കോളേജിൽ നിന്ന് പിഎച്ച്.ഡി നേടി. ബ്രിട്ടനിലെ എഡിൻബറോ സർവകലാശാലയിലാണ് ഏറെക്കാലവും ജോലി ചെയ്തത്. മരിക്കുമ്പോൾ അവിടെ എമിരറ്റസ് പ്രൊഫസർ ആയിരുന്നു. ദ്രവ്യത്തിന് പിണ്ഡം ഉണ്ടാകുന്നതെങ്ങനെ എന്ന ഗവേഷണമാണ് ഹിഗ്സിനെ ദൈവകണത്തിൽ എത്തിച്ചത്. ദ്രവ്യത്തിന്റെ അടിസ്ഥാനമായ അതിസൂക്ഷ്മ കണികകൾക്ക് പിണ്ഡം ഉണ്ടാകുന്നതിന് കാരണം അദൃശ്യമായ ഒരു പുതിയ കണം ആണെന്ന് അദ്ദേഹം കണ്ടെത്തി.
ലാർജ് ഹാഡ്രോൺ
കൊളൈഡർ
കണികാ പരീക്ഷണത്തിനു വേണ്ടി യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച് (സേൺ ) നിർമ്മിച്ചതാണ് ലാർജ് ഹാഡ്രോൺ കൊളൈഡർ. ലോകത്തെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷണ ശാല. സ്വിറ്റ്സർലൻഡ് - ഫ്രാൻസ് അതിർത്തിയിൽ ഭൂമിക്കടിയിൽ നൂറ് മീറ്റർ ആഴത്തിൽ 27 കിലോമീറ്റർ ചുറ്റളവിൽ നിർമ്മാണം. ചെലവ് 100കോടി ഡോളർ
ദൈവകണം
പിറക്കുന്നു!
പ്രപഞ്ചോത്പത്തിക്കു കാരണമായ മഹാവിസ്ഫോടനത്തിനു ശേഷം ദ്രവ്യം എങ്ങനെ ഉണ്ടായി എന്നും, പ്രപഞ്ചത്തിന് ഇന്നത്തെ ഘടന എങ്ങനെ കിട്ടിയെന്നും വ്യക്തമാകുന്നത് ഹിഗ്സ് ബോസോൺ കണികാ സിദ്ധാന്തത്തിലൂടെയാണ്. മഹാവിസ്ഫോടനത്തിനു ശേഷമുള്ള ആദ്യ സെക്കൻഡുകളിലാണ് ദ്രവ്യത്തിന്റെ ആദിരൂപം ഉണ്ടായത്. ഇതു കണ്ടെത്താൻ മഹാവിസ്ഫോടനം പുനഃസൃഷ്ടിക്കുകയാണ് ലാർജ് ഹാഡ്രോൺ കൊളൈഡറിൽ ശാസ്ത്രജ്ഞർ ചെയ്തത്. ഇതിനായി ഉഗ്രമായ ഊർജ്ജമുള്ള പ്രോട്ടോൺ കണികകളെ പ്രകാശവേഗതയിൽ വിപരീത ദിശകളിൽ കൂട്ടിയിടിപ്പിച്ചു. ഈ അത്യുഗ്രമായ ആഘാതത്തിലാണ് ദൈവകണങ്ങൾ ജന്മമെടുത്തത്.