ucl

ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ റയൽ മാഡ്രിഡ് - മാഞ്ചസ്റ്റർ സിറ്റി മത്സരവും ആഴ്സനൽ- ബയേൺ മത്സരവും സമനിലയിൽ പിരിഞ്ഞു

റയൽ മാഡ്രിഡ് -3

മാഞ്ചസ്റ്റർ സിറ്റി-3

ആഴ്സനൽ - 2

ബയേൺ -2

മാഡ്രിഡ് / ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ ക്വാർട്ടർ ഫൈനലുകളുടെ ആദ്യരാവിൽ സമനിലകളുടെ പെരുമ്പറ മുഴക്കം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും തമ്മിൽ മൂന്ന് ഗോളുകൾ വീതം നേടിയാണ് സമനില പാലിച്ചത്. ഇംഗ്ളീഷ് ക്ളബ് ആഴ്സനലും ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും തമ്മിൽ സമനില സമ്മതിച്ചത് രണ്ട് ഗോളുകൾ വീതം നേടിയാണ്.

റയലിന്റെ തട്ടകത്തിൽ ചെന്ന് മൂന്ന് എവേ ഗോളുകൾ നേടാൻ കഴിഞ്ഞത് മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടാം പാദമത്സരത്തിൽ മുൻതൂക്കം നൽകുന്നുണ്ട്. കളിയുടെ രണ്ടാം മിനിട്ടിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും ആദ്യ പകുതിയിൽ 2-1ന് ലീഡ് ചെയ്തത് റയൽ മാഡ്രിഡാണ്. രണ്ടാം മിനിട്ടിൽ ബെർനാഡോ സിൽവയാണ് സിറ്റിയെ മുന്നിലെത്തിച്ചത്. 12-ാംമിനിട്ടിൽ റൂബൻ ഡയസിന്റെ സെൽഫ് ഗോളിലൂടെ റയൽ സമനില പിടിക്കുകയും 14-ാം മിനിട്ടിലെ റോഡ്രിഗോയുടെ ഗോളിലൂടെ ലീഡെടുക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് സിറ്റി മുന്നിലെത്തി. 66-ാം മിനിട്ടിൽ ഫിൽ ഫോഡനും 71-ാം മിനിട്ടിൽ ജോസ്കോ ഗ്വാഡിയോളുമാണ് സ്കോർ ചെയ്തത്. 79-ാം മിനിട്ടിൽ ഫ്രെഡറിക്കോ വാൽവെർദേയിലൂടെ റയൽ സമനില ഗോൾ നേടുകയായിരുന്നു.

സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദ ക്വാർട്ടറിൽ ആഴ്സനലാണ് ആദ്യം മുന്നിലെത്തിയത്. 12-ാം മിനിട്ടിൽ ബുക്കായോ സാക്കയാണ് സ്കോർ ചെയ്തത്. 18-ാം മിനിട്ടിൽ സെർജിയോ ഗ്നാബ്രിയിലൂടെ ബയേൺ സമനില പിടിച്ചു. 31-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ഹാരി കേൻ നേടിയ ഗോളിന് അവർ മുന്നിലെത്തുകയും ചെയ്തു. 76-ാം മിനിട്ടിൽ ലിയാൻഡ്രോ ട്രൊസാഡാണ് ആഴ്സനലിന് വേണ്ടി സമനില ഗോൾ നേടിയത്.

ഏപ്രിൽ 18 നാണ് രണ്ടാം പാദ ക്വാർട്ട ഫൈനലുകൾ.

10 ഗോളുകളാണ് ആദ്യ പാദ ക്വാർട്ടർ ഫൈനലുകളിൽ നിന്ന് നാലുടീമുകളും ചേർന്ന് നേടിയത്.