
ചെന്നൈ: തമിഴ്നാട് മുൻമന്ത്രിയും ചലച്ചിത്ര നിർമ്മാതാവുമായ ആർ.എം. വീരപ്പന് (98) വിട. ഇന്നലെ വൈകിട്ട് നാലിന്
പൂർണ ഔദ്യോഗിക ബഹുമതികളോടെ നുങ്കമ്പാക്കത്തെ ശ്‌മശാനത്തിൽ സംസ്‌കാരം നടന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അന്തിമോപചാരം അർപ്പിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് ചൊവ്വാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ നടനും
മുൻ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ. സ്ഥാപകനുമായ എം.ജി.ആറിന്റെ അടുത്ത അനുയായിയായിരുന്നു. 1953ൽ എം.ജി.ആറിന്റെ സഹായിയായി. പിന്നീട് എം.ജി.ആർ പിക്‌ചേഴ്സിലേക്ക്. അവിടെ മാനേജിംഗ് ഡയറക്ടറായി. വീരപ്പൻ നിർമ്മിച്ച് എം.ജി.ആർ അഭിനയിച്ച നാടോടി മന്നൻ ബ്ലോക്ക്ബസ്റ്ററായി. തുടർന്ന് തമിഴ് സിനിമാ-രാഷ്ട്രീയ മേഖലയിൽ സജീവമായി. പെരിയാർ ഇ.വി രാമസാമി, സി.എൻ അണ്ണാദുരൈ, എം.ജി.ആർ, എം. കരുണാനിധി തുടങ്ങിയവരുമായി അടുത്ത ബന്ധമായിരുന്നു,
1926ൽ പുതുക്കോട്ട ജില്ലയിലെ വല്ലത്തിരക്കോട്ടയിലാണ് ജനനം. പഠനം നിറുത്തി കലാരംഗത്തേക്ക്.
ടി.കെ.എസ് ബ്രദേഴ്സിന്റെ നാടകസംഘത്തിൽ ചേർന്നു. 1945ൽ പെരിയാറിന്റെ സഹായിയായിരിക്കെ ഡി.എം.കെ സ്ഥാപകൻ സി.എൻ അണ്ണാദുരൈ, എം.ജി.ആർ, കരുണാനിധി എന്നിവരുമായി അടുപ്പം സ്ഥാപിച്ചു. എം.ജി.ആർ നായകനായ ദൈവത്തായ്, നാൻ ആണയിട്ടാൽ, കാവൽക്കാരൻ, റിക്ഷാക്കാരൻ, ഇദയക്കനി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. രജനീകാന്തിനെ നായകനാക്കിയും കമല ഹാസനെ നായകനാക്കിയും നിരവധി സിനിമകൾ, ഭാര്യ രാജമ്മാൾ.
മൂന്ന് പെൺമക്കളും മൂന്ന് ആൺമക്കളും ഉണ്ട്.
എം.ജി.ആറിന്റെ ബ്രാൻഡ് മാനേജർ
വിട പറയുന്നത് എം.ജി.ആറിന്റെ വലംകൈയായിരുന്ന ആളാണ്. എം.ജി.ആർ എന്ന ബ്രാൻഡ് സൃഷ്‌ടിച്ചതിനു പിന്നിൽ
വീരപ്പന് വലിയ പങ്കുണ്ട്. ഡി.എം.കെ വിട്ട് എം.ജി.ആർ അണ്ണാ ഡി.എം.കെ. തുടങ്ങിയപ്പോൾ വീരപ്പൻ പ്രധാന സംഘാടകരിൽ ഒരാളായി. 1972ൽ എം.ജി.ആറിന് പിന്നിൽ സിനിമാ ഫാൻസ് അസോസിയേഷനുകളെ അണിനിരത്തി എ.ഐ.എ.ഡി.എം.കെയ്ക്ക് തുടക്കമിട്ടതിനു പിന്നിൽ വീരപ്പനായിരുന്നു.
1967ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ എം.ആർ. രാധയുടെ വെടിയേറ്റതിന് ശേഷം കഴുത്തിൽ ബാൻഡേജുള്ള എം.ജി.ആറിന്റെ ഫോട്ടോ ഉപയോഗിക്കാനുള്ള ആശയം വീരപ്പന്റേതായിരുന്നു.
എം.ജി.ആറിന്റെ മരണത്തിനുശേഷം അണ്ണാ ഡി.എം.കെ രണ്ടായി പിളർന്നപ്പോൾ എം.ജി.ആറിന്റെ ഭാര്യ ജാനകിയെ മുഖ്യമന്ത്രിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഭിന്നത പരിഹരിക്കപ്പെട്ടശേഷം വീരപ്പനെ അണ്ണാ ഡി.എം.കെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കി. എം.ജി.ആറിന്റെയും ജാനകിയുടെയും ജയലളിതയുടെയും നേതൃത്വത്തിലുള്ള സർക്കാരുകളിൽ മന്ത്രിയായിരുന്നു. 1991ൽ ജയലളിത ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ വീരപ്പനും മന്ത്രിയായി. അഭിപ്രായ ഭിന്നതയെത്തുടർന്ന്
ജയലളിത മന്ത്രി പദവിയിൽനിന്ന് വീരപ്പനെ നീക്കി.തുടർന്ന് എം.ജി.ആർ കഴകം എന്ന പേരിൽ സ്വന്തം പാർട്ടി തുടങ്ങി.