x

ട്രെയിനുകളിൽ ടി.ടി.ഇമാർക്കും യാത്രക്കാർക്കും നേരെ ആക്രമണങ്ങൾ തുടരെയുണ്ടായിട്ടും യാത്രാ ബോഗികളിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കാത്തത് റെയിൽവേയുടെ തികഞ്ഞ ഉത്തരവാദിത്വമില്ലായ്മയാണ്. ഇന്നത്തെ സാഹചര്യത്തിൽ എന്തു ധൈര്യത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ട്രെയിനിൽ സമാധാനത്തോടെ യാത്ര ചെയ്യുക?​ റെയിൽവേയ്ക്ക്,​ രാജ്യത്ത് ഏറ്റവും അധികം വരുമാനമുണ്ടാക്കിക്കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ,​ കേരളത്തിൽ ട്രെയിൻ യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം റെയിൽവേയ്ക്ക് ഉണ്ട്.

അൺറിസർവ്ഡ് കമ്പാർട്ട്മെന്റുകളിലും യാത്രക്കാരെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ട്രെയിൻ ചലിച്ചു തുടങ്ങിയതിനു ശേഷം യാത്രികർ ചാടിക്കയറുന്നതും,​ ചാടിയിറങ്ങുന്നതും സാദ്ധ്യമാകാത്ത വിധം ഓട്ടോമാറ്റിക് ആയി അടയുന്ന വാതിലുകൾ എല്ലാ ട്രെയിനുകളിലും സജ്ജമാക്കണം. ട്രെയിൻ നിറുത്തുന്ന അവസരത്തിൽ മാത്രമേ വാതിലുകൾ തുറക്കാൻ ആകാവൂ. ജനറൽ കമ്പാർട്ട്മെന്റുകളിൽ ഉൾപ്പെടെ ട്രെയിനിലെ മുഴുവൻ യാത്രക്കാരും ടിക്കറ്റിനൊപ്പം ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ ഒപ്പം കരുതുന്നത് നിർബന്ധമാക്കണം.

അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഇത് കർശനമായി നടപ്പാക്കണം. ബസ് യാത്രയെ അപേക്ഷിച്ച് യാത്രാ നിരക്ക് കുറവാണെന്നതു കൊണ്ടു മാത്രമല്ല,​ സൗകര്യം പരിഗണിച്ചാലും ട്രെയിൻ യാത്രയാണ് കൂടുതൽ പേർ തെരഞ്ഞെടുക്കുക. പ്രത്യേകിച്ച്,​ ദൂരയാത്രകൾ വേണ്ടിവരുമ്പോൾ. യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കിൽ യാത്രക്കാർ മറ്റു മാർഗങ്ങൾ തേടിപ്പോകാൻ നിർബന്ധിതരാകും.

റോയ് വർഗീസ്

മുണ്ടിയപ്പള്ളി

പത്മജ ഇത്

കേൾക്കണം

ലീഡർ കെ. കരുണാകരൻ കേരള രാഷ്ട്രീയത്തിൽ ആരായിരുന്നുവെന്നും,​ അദ്ദേഹത്തിന്റെ സംഭാവനകൾ ഏതെല്ലാം മേഖലകളിൽ വ്യാപിച്ചു കിടക്കുന്നുവെന്നും മകൾ പത്മജ ആഴത്തിൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കെ. കരുണാകരൻ കോൺഗ്രസുകാർക്കു മാത്രം അവകാശപ്പെട്ടതാണ്. ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവ് എന്നതിലുപരി, കോൺഗ്രസ് പ്രവർത്തകർക്ക് എന്നും ആശ്രയവും ആവേശവുമായിരുന്നു കരുണാകരൻ.

ശ്രീമതി പത്മജ, താങ്കൾ എന്ത് ആദർശത്തിന്റെ പേരിലാണ് പാർട്ടി വിട്ടത്? പാർട്ടിക്കു വേണ്ടി എന്തു ത്യാഗം സഹിച്ചിട്ടാണ് താങ്കൾ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തിയത്? മുപ്പതും നാൽപ്പതും വർഷം ഈ പാർട്ടിയിൽ പ്രവർത്തിച്ചിട്ടും, ഒരു ബൂത്ത് പ്രസിഡന്റ് പോലുമാകാത്ത അനേകായിരം പേർ പാർട്ടിയിൽ ഇപ്പോഴും ഉണ്ടെന്നുള്ളത് താങ്കൾക്ക് അറിയാമോ?​ അദ്ദേഹത്തിന്റെ വീടും, അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും കോൺഗ്രസിതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണെന്ന് പദ്മജ മനസിലാക്കണം.

ആർ. എസ്. ഉണ്ണിക്കൃഷ്ണൻ

കാട്ടായിക്കോണം.