
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയുടെ ഫൈനൽ ചിത്രം തെളിയുമ്പോൾ മിക്കമണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ വരവ് കൗതുകമാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ഥാനാർത്ഥികളിൽ മിക്കവരും സ്വന്തം ജില്ല വിട്ടാണ് മത്സരിക്കുന്നത്. ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പത്തനംതിട്ട അടൂർ സ്വദേശിയാണ്. കണ്ണൂരിലെ തലശ്ശേരി സ്വദേശിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരൻ. കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ തിരുവനന്തപുരത്തുകാരനാണ്.
പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക് തൃശൂരിലെ കൊടുങ്ങല്ലൂർ സ്വദേശിയാണ്. എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി തിരുവനന്തപുരം സ്വദേശിയും. മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് തിരുവനന്തപുരം സ്വദേശിയാണ്. ആലപ്പുഴ തിരിച്ചു പിടിക്കാനിറങ്ങിയ യു.ഡി.എഫിന്റെ കെ.സി. വേണുഗോപാൽ കണ്ണൂരിലെ പയ്യന്നൂർ സ്വദേശിയാണ്. തൃശൂരിലെ വടക്കാഞ്ചേരി സ്വദേശിയാണ് എൻ.ഡി.എയുടെ ശോഭ സുരേന്ദ്രൻ. എറണാകുളത്തെ മൂവാറ്റുപുഴയാണ് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ നാട്. ആലപ്പുഴ ജില്ലക്കാരനാണ് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി.
തൃശൂരുകാരിയാണ് ഇടുക്കിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ. പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. വിജയരാഘവന്റെ സ്വദേശം മലപ്പുറമാണ്. കോഴിക്കോട്ടെ കുന്നമംഗലത്തുകാരിയാണ് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ്. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ടി.എൻ. സരസു തൃശൂർ സ്വദേശിയും.
കോഴിക്കോട്ടുകാരനാണ് മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. വസീഫ്. എൻ.ഡി.എ സ്ഥാനാർത്ഥി എം. അബ്ദുൽ സലാം എറണാകുളത്തുകാരനും. തൃശൂർ ജില്ലക്കാരനാണ് പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ഹംസ. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ കണ്ണൂരിൽ നിന്നാണെത്തിയത്. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ കണ്ണൂരിലെ മട്ടന്നൂരുകാരിയാണ്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് യു.ഡി.എഫിന്റെ ഷാഫി പറമ്പിൽ. കൊല്ലം സ്വദേശിയാണ് കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ.
തിരുവനന്തപുരത്തും വയനാട്ടിലും 'വരുത്തർ"
വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഡൽഹി സ്വദേശിയാണ്. എൽ.ഡി.എഫിന്റെ ആനിരാജ കണ്ണൂരുകാരിയും, എൻ.ഡി.എയുടെ കെ. സുരേന്ദ്രൻ കോഴിക്കോട് സ്വദേശിയും. പാലക്കാട് തരൂർ സ്വദേശിയാണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ. മലയാളി ദമ്പതികളുടെ മകനായ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാകട്ടെ ജനിച്ചത് ഗുജറാത്തിലെ അഹമ്മദാബാദിലും. കണ്ണൂരുകാരനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ.