raajkumar-anand

ന്യൂഡൽഹി: ആം ആദ്‌മിക്ക് കൂടുതൽ പ്രഹരമേൽപ്പിച്ച് ഡൽഹി മന്ത്രി രാജ്‌ കുമാർ ആനന്ദ് രാജിവച്ചു. പാർട്ടിയിലെ അംഗത്വവും ഇയാൾ രാജിവച്ചിട്ടുണ്ട്. പാർട്ടിയിൽ മുഴുവൻ അഴിതിയാണെന്ന് ആരോപിച്ചാണ് രാജ്‌ കുമാർ ആനന്ദിന്റെ രാജി. ഡൽഹി തൊഴിൽ, പിന്നാക്ക വികസനവകുപ്പ് മന്ത്രിയാണ് രാജ് കുമാർ.

''അഴിമതിക്കെതിരെ ശക്തമായ പോരാട്ടമുണ്ടാകുമെന്ന സന്ദേശം ജനിപ്പിച്ചതിനാലാണ് ഈ പാർട്ടിയിൽ ചേരാൻ എന്നെ പ്രേരിപ്പിച്ചത്. എന്നാൽ ഇന്ന് ഈ പാർട്ടി തന്നെയാണ് അഴിമതിയുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്. അതുകൊണ്ടാണ് പുറത്തുപോകാൻ തീരുമാനിച്ചതും''-രാജ് കുമാർ ആനന്ദ് പ്രതികരിച്ചു. ദളിത് വിഭാഗത്തിൽ നിന്ന് ഒരു എംഎൽഎയോ കൗൺസിലറോ ആം ആദ്‌മി പാർട്ടിക്കില്ല. ഉത്തരവാദിത്തപ്പെട്ട പദവികളിലൊന്നും ദളിത് വിഭാഗത്തിന് പ്രാതിനിധ്യമില്ല. അംബേദ്‌കറിന്റെ തത്വങ്ങൾ പിന്തുടരുന്നയാളാണ് താനെന്നും രാജ് കുമാർ പ്രതികരിച്ചു.

പട്ടേൽ നഗറിൽ നിന്നുള്ള എംഎൽഎയാണ് രാജ് കുമാർ. ആം ആദ്‌മി പാർട്ടിയിൽ നിന്ന് രാജി വയ‌്ക്കുന്ന ആദ്യ മന്ത്രിയാണ് ഇദ്ദേഹം.

കഴിഞ്ഞ ദിവസമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റും, ഇ.ഡി കസ്റ്റഡിയിൽ വിട്ട വിചാരണക്കോടതി നടപടിയും ശരിവച്ച് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. രണ്ടു നടപടികൾക്കുമെതിരെ കേജ്‌രിവാൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ തള്ളുകയായിരുന്നു. ഇതോടെ കേജ്‌രിവാൾ ജയിലിൽ തുടരുകയാണ്.

കോഴയിടപാടിൽ കേജ്‌രിവാളിന്റെ പങ്കിന്റെ തെളിവുകളാണ് ഇ.ഡി ശേഖരിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാപ്പുസാക്ഷികളുടെയും ഹവാല ഇടപാടുകാരുടെയും മൊഴികളുണ്ട്.

ഹർജി തള്ളിയതിന് അഞ്ച് കാരണങ്ങൾ

കേജ്‌രിവാൾ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്. കോഴപ്പണം ഉപയോഗിച്ചതിലും, ഒളിപ്പിച്ചതിലും പങ്കാളിയായി. മദ്യനയം രൂപീകരിച്ചതിലും കോഴ ആവശ്യപ്പെട്ടതിലും വ്യക്തിപരമായും പാർട്ടി ദേശീയ കൺവീനർ എന്ന നിലയിലും ബന്ധം.


കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. തിരഞ്ഞെടുപ്പിന് കേജ്‌രിവാൾ പണം നൽകിയെന്ന് മൊഴിയുണ്ട്.


മാപ്പുസാക്ഷിയുടെ മൊഴിയുടെ വിശ്വാസ്യത കേജ്‌രിവാൾ ചോദ്യം ചെയ്തിരുന്നു. കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. അതിനെ സംശയിക്കുന്നത് കോടതിയുടെയും ജഡ്‌ജിയുടെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. മാപ്പുസാക്ഷിയുമായി ബന്ധപ്പെട്ട നിയമം 100 വർഷങ്ങളിലേറെയായി നിലവിലുള്ളതാണ്.


മാപ്പുസാക്ഷി അരബിന്ദോ ഫാർമ ഉടമ ശരത് ചന്ദ്ര റെഡ്ഡി തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന ബി.ജെ.പിക്ക് കോടികൾ നൽകിയെന്ന് കേജ്‌രിവാൾ ആരോപിച്ചിരുന്നു. ആര് ബോണ്ട് വാങ്ങിയെന്നത് കോടതിയുടെ വിഷയമല്ല.


കള്ളപ്പണ കേസിലാണ് അറസ്റ്റ്. തിരഞ്ഞെടുപ്പ് സമയം നോക്കിയല്ല, നിയമം നോക്കിയാണ് നടപടികൾ.