
കൊൽക്കത്ത: വിവാദ സന്ദേശ്ഖാലി ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം ഉൾപ്പെടെ കേസുകൾ സി.ബി.ഐക്ക് വിട്ട കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് തിരഞ്ഞെടുപ്പിനിടെ മമത സർക്കാരിന് കനത്ത തിരിച്ചടിയായി. കോടതി മേൽനോട്ടത്തിലാവും അന്വേഷണം.
നീതിയുക്തമായ അന്വേഷണം ആവശ്യമാണെന്നു വ്യക്തമാക്കിയാണ് കേസ് സി.ബി.ഐക്ക് കൈമാറി കോടതി ഉത്തരവിട്ടത്. വേഗത്തിലും നിഷ്‌പക്ഷവുമായ അന്വഷണം വേണം. അതിനുള്ള പിന്തുണ സംസ്ഥാന സർക്കാർ സി.ബി.ഐക്ക് നൽകണമെന്നും കോടതി അറിയിച്ചു.
ഷെയ്ഖ് ഷാജഹാൻ ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ സ്‌ത്രീകൾ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജനങ്ങൾക്ക് പരാതികൾ നൽകാനായി ഒരു പോർട്ടൽ രൂപീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ടി. എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയി ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സി.ബി.ഐയോട് നിർദ്ദേശിച്ചു. കേസിലെ ഇരകളുടെയും ദൃക്‌സാക്ഷികളുടെയും സുരക്ഷ പരിഗണിച്ചാണ് നടപടി. കൃഷിയിടങ്ങൾ അനധികൃത മീൻവളർത്തൽ കേന്ദ്രമാക്കിയതിലും സി.ബി.ഐ അന്വേഷണ റിപ്പോർട്ട് നൽകണം. വിമരമിച്ച ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിക്കണമെന്നായിരുന്നു പരാതിക്കാരുടെ പ്രധാന ആവശ്യം. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ദളിത് വിഭാഗങ്ങളുടെയടക്കം ഭൂമി തട്ടിയെടുക്കലും ഉൾപ്പെടുന്ന ആരോപണങ്ങളും പരാതികളും കണക്കിലെടുക്കുമ്പോൾ റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിക്കുന്നതിനു പകരം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് നിർദ്ദേശിക്കാമെന്ന് കോടതി പറഞ്ഞു. അടുത്ത തവണ സമഗ്രമായ റിപ്പോർട്ട് സി.ബി.ഐ സമർപ്പിക്കണം. കേസ് അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും. സന്ദേശ്ഖാലിയെക്കുറിച്ചുയരുന്ന ആരോപണങ്ങൾ അപമാനകരമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
പുകഞ്ഞ് ബംഗാൾ
സന്ദേശ്ഖാലി ബംഗാൾ രാഷ്ട്രീയത്തിൽ പുകയാൻ തുടങ്ങിയിട്ട് മാസങ്ങളായി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിന് സന്ദേശ്ഖാലി ശക്തമായ ആയുധമായി മാറി. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സന്ദേശ്ഖാലി. ടി.എം.സിയിലെ പ്രമുഖനും ശക്തനുമായ ഷെയ്ഖ് ഷാജഹാന്റെ വസതിയിൽ ജനുവരി അഞ്ചിന് ഇ.ഡിറെയ്ഡ് നടത്തിയിരുന്നു. ഷാജഹാന്റെ കൂട്ടാളികൾ റെയ്ഡ് തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇത് സംഘർഷാവസ്ഥയിലേക്ക് നയിച്ചു. ഷാജഹാൻ ഒളിവിൽ പോയി. ഈ കേസിൽ പിന്നീട് ഷാജഹാൻ അറസ്റ്റിൽ. ഫെബ്രുവരി ഏഴിനാണ് സന്ദേശ്ഖാലി പ്രതിഷേധം ആരംഭിക്കുന്നത്. ഷാജഹാനും കൂട്ടരും ചെമ്മീൻ കൃഷിക്കായി ഭൂമി ബലമായി പിടിച്ചെടുക്കുകയും തങ്ങളെ വർഷങ്ങളായി ലൈംഗികാതിക്രമണത്തിന് വിധേയരാക്കിയെന്നും ആരോപിച്ച് നിരവധി സ്ത്രീകൾ മുന്നോട്ടുവന്നു. ഉത്തം സർദാർ, ഷിബാപ്രസാദ് ഹസ്ര എന്നീ നേതാക്കൾക്കെതിരെയും ആരോപണങ്ങളുണ്ട്.