
ഏത് പ്രായത്തിലുളളവർക്കും അനുഭവപ്പെടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ഭക്ഷണക്രമത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. അതുപോലെ മിക്കവരിലും കാണപ്പെടുന്ന മറ്റ് പ്രശ്‌നങ്ങളാണ് അകാലനരയും താരനും. ഇവ മുടിയിഴകളുടെ സ്വാഭാവിക ഭംഗിയെ ബാധിക്കാറുണ്ട്.
അതിനാൽ തന്നെ പലവിധത്തിലുളള പരിഹാരമാർഗങ്ങളും നമ്മൾ തിരയാറുണ്ട്. അലോപ്പതിയിലും ആയുർവേദത്തിലും ഹോമിയോപതിയിലും ഈ പ്രശ്നങ്ങൾക്കായി വിവിധ പ്രതിവിധികളുണ്ട്. ചിലപ്പോഴൊക്കെ അവ എത്ര പരീക്ഷിച്ചാലും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. ഇത് കടുത്ത നിരാശയ്ക്ക് കാരണമാകാറുണ്ട്. ഇനിമുതൽ ഈ പ്രശ്നങ്ങൾ റോസ്‌മേരി ഉപയോഗിച്ച് അനായാസം പരിഹരിക്കാവുന്നതാണ്.റോസ്‌മേരിയിൽ കാർനോസിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നത് മുടിയിഴകൾ വളരുന്നതിനും അകാല നരയും താരനും അകറ്റുന്നകതിനും സഹായിക്കും. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയിഴകളുടെ വേര് കൂടുതൽ ദൃഢമാകാനും മറ്റുകോശങ്ങളുടെ സുഗമമായ വളർച്ചയ്ക്കും സഹായിക്കും. റോസ്‌മേരി എണ്ണയായും ഹെയർ സ്പ്രേയായും മുടിയിഴകളുടെ ആരോഗ്യത്തിനായി ഉപയോഗിക്കാവുന്നതാണ്.
റോസ്‌മേരി ഓയിൽ
സാധാരണ ഒട്ടുമിക്കവരും റോസ്‌മേരി എണ്ണ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഈ എണ്ണ തയ്യാറാക്കാവുന്നതാണ്. ആയൂർവേദ കടകളിൽ നിന്ന് റോസ്‌മേരി വാങ്ങാൻ ലഭിക്കും. ഇത് ശുദ്ധവെളിച്ചെണ്ണയിൽ ആവശ്യത്തിന് ചേർത്ത് നന്നായി ചൂടാക്കി ഉപയോഗിക്കുന്നത് മുടിയിഴകൾ കൂടുതലായി വളരാൻ സഹായിക്കും.
റോസ്‌മേരി സ്പ്രേ
മുൻപ് പറഞ്ഞത് പോലെ റോസ്‌മേരി സ്പ്രേ കടകളിൽ നിന്നും വാങ്ങാൻ ലഭിക്കും. എന്നാൽ ഇതും നമുക്ക് വീടുകളിൽ അനായാസം തയ്യാറാക്കി ഉപയോഗിക്കാവുന്നതേയുളളൂ. ഇങ്ങനെ തയ്യാറാക്കുന്നത് കുറഞ്ഞത് രണ്ടാഴ്ചയോളം നമുക്ക് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാവുന്നതേയുളളൂ. രണ്ട് കപ്പ് വെളളം നന്നായി ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് റോസ്‌മേരിയിട്ട് തിളപ്പിക്കുക. കൂടുതൽ സുഗന്ധത്തിനായി ഗ്രാമ്പുവോ ഏലയ്ക്കയോ ചേർക്കാവുന്നതാണ്. ശേഷം സ്ഥിരമായി ഈ മിക്സ് മുടിയിഴകളിൽ സ്പ്രേ ചെയ്തുകൊടുക്കുക.