
വാഷിംഗ്ടൺ: 200ലധികം വീടുകളിൽ നിന്ന് ഏകദേശം ഏഴ് മില്യൺ ഡോളർ (58.22 കോടി രൂപ) മോഷ്ടിച്ചതായി വെളിപ്പെടുത്തി യു എസ് യുവതി. ജെന്നിഫർ ഗോമസ് എന്ന യുവതിയാണ് അടുത്തിടെ ഒരു ടിവി പരിപാടിയിൽ തന്റെ മോഷണ രീതിയും തന്ത്രങ്ങളും തുറന്നു പറഞ്ഞത്. 'പൂച്ചക്കള്ളി' എന്നാണ് ഇവരെ അറിയപ്പെടുന്നത്.
2011നും 2020നും ഇടയിൽ മോഷണക്കേസിൽ ജെന്നിഫർ ഗോമസ് തടവിലായിരുന്നു. ഫ്ലോറിഡയിലെ വലിയ വീടുകളാണ് ജെന്നിഫർ ലക്ഷ്യമിട്ടിരുന്നത്. വീടുകളിൽ ആരും കാണാതെ പ്രവേശിക്കാനും മറഞ്ഞിരുന്നു മോഷ്ടിച്ച ശേഷം ഇറങ്ങാനും ജെന്നിഫർ വിദഗ്ദ്ധയായിരുന്നു. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ സുരക്ഷയുള്ള വീടുകളിൽ പ്രവേശിച്ചിരുന്നത്. മോഷണത്തിന് വീടുകൾ തിരഞ്ഞെടുക്കുമ്പോൾ ജെന്നിഫർ അവരുടെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കും. ഇത് അവരുടെ വീട്ടിലുള്ള കാര്യങ്ങൾ മനസിലാക്കാൻ സഹായിക്കുന്നായും അവർ വെളിപ്പെടുത്തി.
'ഏകദേശം 200 വീടുകളിൽ മോഷണം നടത്തിയിട്ടുണ്ട്. ഏഴ് മില്യണിലധികം ഡോളറാണ് ഇതിലൂടെ എനിക്ക് ലഭിച്ചത്. മോഷണത്തെ തുടർന്ന് 10 വർഷത്തോളം ഞാൻ ജയിലിൽ കിടന്നു. മഴയുള്ള സമയത്താണ് മോഷണത്തിന് തിരഞ്ഞെടുക്കുക. മെഡിക്കൽ മേഖലയിലുള്ളവർ ധരിക്കുന്ന വസ്ത്രം ധരിച്ചാണ് പോകാറുള്ളത്', ജെന്നിഫർ വ്യക്തമാക്കി.
താൻ എങ്ങനെയാണ് മോഷണം നടത്തുന്നതെന്ന് ഈ പരിപാടിയിൽ ജെന്നിഫർ വിവരിക്കുന്നുണ്ട്. ജയിൽ വാസത്തിന് ശേഷം മോഷണം നിർത്തിയെന്നും അവർ വ്യക്തമാക്കുന്നു.