fish

തിരുവനന്തപുരം: കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ കടുത്ത മത്സ്യക്ഷാമം അനുഭവപ്പെടുന്നു. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. മത്സ്യബന്ധനത്തിന് പോകുന്ന ഭൂരിഭാഗം യാനങ്ങളും ഒഴിഞ്ഞ വലയുമായിട്ടാണ് തിരികെ കരയിലെത്തുന്നത്. മുടക്കുന്ന തുകയുടെ പകുതിയില്‍ താഴെയാണ് തിരികെ കിട്ടുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

അന്തരീക്ഷത്തിലെ അമിതമായ ചൂട് കാരണം മീനുകള്‍ കടലിന്റെ അടിത്തട്ടിലേക്ക് നീങ്ങിയതാണ് മത്സ്യ ക്ഷാമത്തിന് കാരണമായി മീന്‍ പിടുത്തക്കാര്‍ പറയുന്നത്. കടല്‍ തണുത്താല്‍ മാത്രമേ ഈ അവസ്ഥയില്‍ നിന്ന് കാര്യമായ മാറ്റം സംഭവിക്കുകയുള്ളൂവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

കാലാവസ്ഥാ മുന്നറിയിപ്പും വേലിയറ്റവുമെല്ലാം കാരണം വര്‍ഷത്തില്‍ മിക്ക ദിവസങ്ങളിലും കടലില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അതോടൊപ്പമാണ് നിനച്ചിരിക്കാതെ കേരളത്തില്‍ വേനല്‍ ഇത്രത്തോളം കടുത്തത്. ഇതും പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ 6000 രൂപ മുടക്കി കടലില്‍ പോയാല്‍ ലഭിക്കുന്നത് 1500രൂപയ്ക്ക് താഴെ വിലക്കുള്ള മീനുകളാണ്. ഇതിനിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറികളില്‍ മീനുകള്‍ തീരത്ത് എത്തിച്ച് വില്‍ക്കുന്ന സംഘങ്ങള്‍ പെരുകുന്നതിനാല്‍ വള്ളത്തില്‍ പോയി കൊണ്ടുവരുന്ന മീനിന് ലഭിക്കുന്ന വിലയും കുറവാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സീസണില്‍ ലഭിച്ചിരുന്ന പല മീനുകളും ഇപ്പോള്‍ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. ഹോട്ടല്‍ വ്യവസായം കൂണ് പോലെ കേരളത്തില്‍ വര്‍ദ്ധിക്കുന്നതാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വില്‍പ്പനക്കാരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നത്.