
ലണ്ടൻ: ജീവശാസ്ത്രത്തിൽ പരിണാമ സിദ്ധാന്തം പോലെ ഭൗതിക ശാസ്ത്രത്തിലെ ഏറ്റവും സുപ്രധാനമായ ഒന്നാണ് ' സ്റ്റാൻഡേർഡ് മോഡൽ' സിദ്ധാന്തം. ഈ സിന്താദ്ധത്തിലെ വഴിത്തിരിവായി മാറിയ ' ഹിഗ്സ് ബോസോൺ' അഥവാ ' ഹിഗ്സ് പാർട്ടിക്കിൾ' എന്ന അടിസ്ഥാന കണത്തിന്റെ ആശയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച പീറ്റർ ഹിഗ്സ് (94) ഇനി ഓർമ്മ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച സ്കോട്ട്ലൻഡിലെ എഡിൻബറയിലെ വസതിയിലായിരുന്നു അന്ത്യം.
1960കളിലാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളിലെ പിണ്ഡത്തിന്റെ കാരണംതേടി ഹിഗ്സ് അടക്കമുള്ള ശാസ്ത്രജ്ഞർ അന്വേഷണം ആരംഭിച്ചത്. 1964ൽ അതിന്റെ ഉത്തരമായി ഹിഗ്സ് ബോസോൺ കണത്തിന്റെ ആശയം അദ്ദേഹം അവതരിപ്പിച്ചു.
വർഷങ്ങൾക്കിപ്പുറം 2013ൽ , ഹിഗ്സ് ബോസോൺ കണങ്ങൾ പ്രപഞ്ചത്തെ ബന്ധിപ്പിക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന പഠനത്തിന് ഭൗതിക ശാസ്ത്ര നോബൽ അദ്ദേഹത്തെ തേടിയെത്തി.
2012ൽ സ്വിറ്റ്സർലൻഡിലെ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസേർച്ചിലെ ഭീമൻ ഹാഡ്രൺ കൊളൈഡറിലൂടെ ഗവേഷകർ ഹിഗ്സ് അവതരിപ്പിച്ച അടിസ്ഥാന കണത്തിന്റെ അസ്ഥിത്വം തിരിച്ചറിയുകയും ഹിഗ്സ് ബോസോൺ എന്ന് പേര് നൽകുകയും ചെയ്തതോടെയാണ് നോബൽ തേടിയെത്തിയത്.
ബെൽജിയൻ ഗവേഷകനായ ഫ്രാൻസിസ് എൻഗ്ലെർട്ടും അദ്ദേഹത്തോടൊപ്പം നോബൽ പങ്കിട്ടു. ഹിഗ്സ് ബോസോൺ ' ദൈവ കണം' എന്ന അപരനാമത്തിലാണ് ശാസ്ത്രലോകത്ത് അറിയപ്പെടുന്നത്.
ക്വാണ്ടം മെക്കാനിക്സിൽ അതുല്യ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സത്യേന്ദ്ര നാഥ് ബോസിന്റെ ' ബോസോൺ' കണികാ സിദ്ധാന്തത്തിൽ നിന്നാണ് ഹിഗ്സ് ബോസോൺ കണത്തിന്റെ ആശയങ്ങളിലേക്ക് പീറ്റർ ഹിഗ്സ് അടക്കമുള്ള ഗവേഷകരെ നയിച്ചത്. അതിനാലാണ് കണത്തിന്റെ പേരിൽ ഹിഗ്സിനൊപ്പം ബോസിനും ശാസ്ത്രലോകം ആദരമർപ്പിച്ചത്.
1929ൽ ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ ജനിച്ച ഹിഗ്സ് ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. എഡിൻബറ സർവകലാശാലയിലാണ് തന്റെ ശാസ്ത്രജീവിതത്തിന്റെ കൂടുതൽ ഭാഗവും അദ്ദേഹം ചെലവഴിച്ചത്. ജോഡി വില്യംസൺ ആയിരുന്നു ഭാര്യ. ഇരുവരും 1972ൽ വേർപിരിഞ്ഞു. ക്രിസ്റ്റഫർ, ജോണി എന്നിവരാണ് മക്കൾ.