modi

ബംഗളൂരു: നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര അധികാരത്തിലെത്താൻ കെെവിരൽ കാളീദേവിക്ക് ബലി നൽകി യുവാവ്. കർണാടകയിലെ കാർവാറിലാണ് സംഭവം. അരുൺ വെർണേക്കർ എന്ന യുവാവാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തത്. ഇയാൾ മോദിയുടെ കടുത്ത ആരാധകനാണ്.

മൂന്നാം തവണയും മോദി തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് പറഞ്ഞ് തന്റെ ഇടതുകെെയിലെ ചൂണ്ടുവിരൽ മുറിച്ച് കാളീദേവിക്ക് ബലി നൽകുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവാവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാർവാർ സോനാർവാഡ പ്രദേശത്താണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രാർത്ഥനയ്ക്കായി കാളിദേവിക്ക് ഇയാൾ കുറച്ച് രക്തം സമർപ്പിക്കാൻ തീരുമാനിച്ചു. അതിനാണ് വിരലിന്റെ ഒരു ഭാഗം വെട്ടുകത്തി ഉപയോഗിച്ച് മുറിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിരൽ തുന്നിച്ചേര്‍ക്കാൻ കഴിയില്ലെന്നും അത് പൂർണമായും മുറിച്ച് മാറ്റാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു.

ഇത് കൂടാതെ വിരൽ മുറിച്ചതിന് ശേഷം തന്റെ വീടിന്റെ ചുമരിൽ ഇയാൾ രക്തം കൊണ്ട് 'മാ കാളി മാതാ, മോദി ബാബ കാ രക്ഷ കരോ. മോദി ബാബ സബ്സേ മഹാൻ' എന്ന് എഴുതി. മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും ഇയാൾ ചുവരിൽ രക്തം കൊണ്ട് എഴുതി. അരുണിന്റെ വീട്ടിൽ മോദിക്കായി ഒരു ക്ഷേത്രം ഉണ്ടെന്നും അവിടെ പതിവായി പൂജ നടത്താറുണ്ടെന്നും റിപ്പോർട്ടുണ്ട്.