
ഒട്ടാവ: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ ഇടപെട്ടെന്ന ആരോപണം തിരുത്തി കാനഡ. തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടൽ സംബന്ധിച്ച ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കനേഡിയൻ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും ഇന്ത്യ ഇടപെടാൻ ശ്രമിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ ഇന്ത്യ സ്വാധീനം ചെലുത്താൻ ശ്രമിച്ചു എന്നതിന് യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും ഉന്നത കനേഡിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ, 2019ലും 2021ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ചൈന ഇടപെട്ടു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്കായിരുന്നു ഈ രണ്ട് തിരഞ്ഞെടുപ്പുകളിലും ജയം. ചൈനീസ് ഇടപെടൽ സംബന്ധിച്ച ശക്തമായ തെളിവുകൾ ലഭിച്ചതായി കാനഡയുടെ രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ( സി.എസ്.ഐ.എസ് ) വ്യക്തമാക്കി. തങ്ങളോട് ചായ്‌വുള്ളവർക്ക് പിന്തുണ നൽകാനാണ് ചൈന പ്രധാനമായും ശ്രമിച്ചതെന്നും പറയുന്നു. ഇന്ത്യയും പാകിസ്ഥാനും 2019ലും 2021ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ശ്രമിച്ചെന്ന് സി.എസ്.ഐ.എസ് നേരത്തെ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിന്റെ ചില ഭാഗങ്ങളും ഏജൻസി അടുത്തിടെ പുറത്തുവിട്ടിരുന്നു. എന്നിരുന്നാലും റിപ്പോർട്ടിലുള്ള വസ്തുതകൾ പൂർണമായും സ്ഥിരീകരിച്ചിട്ടില്ലെന്ന് സി.എസ്.ഐ.എസ് തന്നെ വ്യക്തമാക്കിയിരുന്നു. കാനഡയുടെ ആരോപണങ്ങൾക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. മറ്റ് രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയകളിൽ ഇടപെടുന്നത് ഇന്ത്യയുടെ നയമല്ലെന്നും മറിച്ച് കാനഡയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ഭിന്നതയ്ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി കാനഡ രംഗത്തെത്തിയത്.