died

ഇടുക്കി: വഴിത്തർക്കത്തിന്റെ പേരിൽ അയൽവാസിയായ സ്ത്രീയുമായി മൽപ്പിടിത്തം നടത്തുന്നതിനിടെ വൃദ്ധൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രൻ എന്ന എഴുപത്തേഴുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ദേവകി എന്ന സ്ത്രീ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

മുള്ളരിങ്ങാട് ദേവകിയുടെ വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെ സുരേന്ദ്രൻ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നാളായി തർക്കമുണ്ടായിരുന്നു. പലതവണ ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വഴക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. രാവിലെ 11 മണിയോടെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ച ശേഷം ഓട്ടോറിക്ഷയിലാണ് സുരേന്ദ്രൻ ഇതുവഴിയെത്തിയത്. വീടിനടുത്ത് എത്താറായപ്പോൾ ദേവകി വണ്ടി തടഞ്ഞ് നിർത്തി. തുടർന്ന് ദേവകി വണ്ടിയിൽ നിന്നിറങ്ങിയ സുരേന്ദ്രനുമായി വാക്കു തർക്കമുണ്ടായി. വാക്കേറ്റം കെെയാങ്കാളിയിലേക്ക് നീങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഡ്രെെവർ തിരികെ പോയി.

ഈ സമയം വഴിയിൽ കിടന്ന പനയോലയുടെ കഷ്ണം ഉപയോഗിച്ച് സുരേന്ദ്രൻ തന്നെ മർദ്ദിച്ചെന്നും ഇത് പിടിച്ചു വാങ്ങി തിരിച്ച് സുരേന്ദ്രനെ അടിച്ചുവെന്നും ദേവകി പൊലീസിൽ മൊഴി നൽകി. തുടർന്നുണ്ടായ മൽപ്പിടിത്തത്തിനിടെ ഇരുവരും താഴെ വീണു. ദേവകി എഴുന്നേറ്റ് വീട്ടിലേക്ക് പോയി. എന്നാൽ സുരേന്ദ്രന് എഴുന്നേൽക്കാനായില്ല.

ഏറെ നേരം ഇദ്ദേഹം റോഡിൽ കിടന്നു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എത്തി പൊലീസിനെ വിളിച്ച് ആംബുലൻസ് വരുത്തിയാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും സുരേന്ദ്രൻ മരിച്ചിരുന്നു. അസ്വഭാവിക മരണത്തിന് കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.