കൊച്ചി:മെമ്മറി കാർഡ് പലപ്പോഴും കോടതിയുടെ സേഫ് കസ്റ്റഡിയിലല്ല സൂക്ഷിച്ചതെന്നും ജഡ്ജിയുൾപ്പെടെ ഇത് കൈവശം വച്ചതായി കണ്ടെത്തലുണ്ടെന്നും അതിജീവിതയായ നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ചൂണ്ടിക്കാട്ടി. പ്രതികൾ ആക്രമണദൃശ്യങ്ങൾ കൂടുതൽ വ്യക്തത വരുത്തി കണ്ടതായി സാക്ഷി മൊഴിയുണ്ട്. ദൃശ്യങ്ങൾ ചോർന്നിരിക്കാമെന്ന സൂചന ഇതിലുണ്ട്.
ഹർജിയിലെ വാദങ്ങൾ
അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് വീട്ടിൽ വച്ച് രാത്രി മെമ്മറി കാർഡ് പരിശോധിച്ചെങ്കിലും ലാപ്ടോപ്പും മറ്റ് ഗാഡ്‌ജറ്റുകളും പിടിച്ചെടുത്ത് തെളിവെടുത്തില്ല. നേരത്തേ കേസ് പരിഗണിച്ച ജില്ലാ ജഡ്ജിയുടെ ലാപ്ടോപ്പും പരിശോധിച്ചില്ല.
2017 ഡിസംബർ 15ന് എട്ടാം പ്രതി ദിലീപും അഭിഭാഷകരും മജിസ്ട്രേറ്റിന്റെ ചേംബറിൽ അപേക്ഷയുമായെത്തിയിരുന്നു. അന്ന് മജിസ്ട്രേറ്റ് തന്റെ ലാപ്ടോപ്പിൽ ദൃശ്യങ്ങൾ അഭിഭാഷകരെ കാണിച്ചിരുന്നു. ഇവരെ വിസ്തരിച്ചിട്ടില്ല.
ഹൈക്കോടതി നിർദ്ദേശിച്ചത് രഹസ്യാന്വേഷണമല്ല. എല്ലാം രഹസ്യമാണെന്ന് ജഡ്ജി രേഖപ്പെടുത്തി. തന്നെ അകറ്റിനിറുത്തി. അന്വേഷണത്തിന് സഹായം തേടാമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും പൊലീസിനെ ഇടപെടുത്തിയില്ല.
മഹേഷ് തന്റെ ഫോൺ നശിപ്പിച്ചെന്നാണ് മൊഴി നൽകിയത്. താജുദ്ദീന്റെ ഫോൺ യാത്രയ്ക്കിടെ നഷ്ടപ്പെട്ടെന്നാണ് അറിയിച്ചത്. ഇത് അപ്പാടെ വിശ്വസിച്ചാണ് റിപ്പോർട്ട്.