
സീസണിലെ ആദ്യ നാലുമത്സരങ്ങളിലും വിജയിച്ച രാജസ്ഥാൻ റോയൽസിന് അഞ്ചാം മത്സരത്തിൽ തോൽവി
ഗുജറാത്ത് ടൈറ്റാൻസ് സഞ്ജുവിനെയും സംഘത്തെയും തോൽപ്പിച്ചത് മൂന്ന് വിക്കറ്റിന്
രാജസ്ഥാൻ റോയൽസ്196/3, ഗുജറാത്ത് ടൈറ്റാൻസ് 199/7
റയാൻ പരാഗ് 76, സഞ്ജു സാംസൺ 68*
ജയ്പുർ : ഐ.പി.എൽ ഈ സീസണിലെ ആദ്യ നാലുമത്സരങ്ങളിലും വിജയിച്ച സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ അഞ്ചാം മത്സരത്തിൽ തോൽപ്പിച്ച് ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റാൻസ്. ഇന്നലെ ജയ്പുരിൽ 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടൈറ്റാൻസ് അവസാന ഓവറിലെ അവസാന പന്തിലാണ് ലക്ഷ്യം കണ്ടത്. നായകൻ ശുഭ്മാൻ ഗിൽ (44 പന്തുകളിൽ 72റൺസ്),സായ് സുദർശൻ (35),രാഹുൽ തേവാത്തിയ(22), റാഷിദ് ഖാൻ (24 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടമാണ് വിജയത്തിലെത്തിയച്ചത്.
സ്വന്തം തട്ടകത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനെ അർദ്ധസെഞ്ച്വറികളുമായി തകർത്താടിയ റയാൻ പരാഗും ( 48 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 76 റൺസ്) നായകൻ സഞ്ജു സാംസണും (38 പന്തുകളിൽ രണ്ട് സിക്സും ഏഴുഫോറുമടക്കം പുറത്താകാതെ 68 റൺസ്) ചേർന്നാണ് 196/3എന്ന സ്കോറിലെത്തിച്ചത്.
യശസ്വി ജയ്സ്വാളും (24) ജോസ് ബട്ട്‌ലറും (8) ചേർന്നാണ് രാജസ്ഥാന് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത്. അഞ്ചാം ഓവറിൽ ഉമേഷ് യാദവ് ഒരു ബൗൺസറിലൂടെ യശ്വസിയെ മടക്കി അയച്ചു. കീപ്പർ മാത്യു വേഡാണ് യശസ്വിയെ പിടികൂടിയത്. ഇതോടെ നായകൻ സഞ്ജു ക്രീസിലെത്തി. അടുത്തഓവറിൽ ബട്ട്‌ലറും കൂടാരം കയറിയതോടെ റയാൻ പരാഗും കളത്തിലെത്തി. റാഷിദ് ഖാന്റെ പന്തിൽ രാഹുൽ തേവാത്തിയയ്ക്ക് ക്യാച്ച് നൽകിയാണ് ബട്ട്‌ലർ മടങ്ങിയത്.
5.4-ാം ഓവറിൽ മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച സഞ്ജുവും പരാഗും ചേർന്ന് കൂറ്റൻ ഷോട്ടുകൾ പായിച്ച് സ്കോർ ബോർഡ് ഉയർത്തിക്കൊണ്ടേയിരുന്നു. 13-ാം ഓവറിൽ ടീം 100 കടന്നു. പിന്നാലെ പരാഗ് അർദ്ധസെഞ്ച്വറിയിലെത്തി. 72 പന്തുകളിൽ നിന്ന് 130 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 18.4-ാം ഓവറിൽ മോഹിത് ശർമ്മയാണ് പരാഗിനെ പുറത്താക്കി സഖ്യം തകർത്തത്. തുടർന്ന് ഷിമ്രോൺ ഹെറ്റ്മേയറും സഞ്ജുവും ചേർന്ന് ടീമിനെ 196ലെത്തിച്ചു.
മറുപടിക്കിറങ്ങിയ ഗുജറാത്തിനായി നായകൻ ശുഭ്മാൻ ഗില്ലും ഓപ്പണർ സായ് സുദർശനും (35) ചേർന്ന് 8.2 ഓവറിൽ 64 റൺസടിച്ച് മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വിക്കറ്റുകൾ വീണതോടെ ചേസിംഗ് മന്ദഗതിയിലായി. നാലോവറിൽ 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെന്നാണ് ഗുജറാത്തിന് ഭീഷണി ഉയർത്തിയത്. ഒൻപതാം ഓവറിൽ സായ് സുദർശനെ എൽ.ബിയിൽ കുരുക്കിയ കുൽദീപ് 11-ാം ഓവറിൽ മാത്യു വേഡിന്റെയും (4) , അഭിനവ് മനോഹറിന്റേയും (1) കുറ്റി പിഴുത് ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കി. ഇതോടെ അവർ 79/3 എന്ന നിലയിലായി. തുടർന്ന് വിജയ് ശങ്കറിനെക്കൂട്ടി ഗിൽ 111ലെത്തിച്ചു. അവിടെവച്ച് ചഹൽ വിജയ് ശങ്കറിനെ ബൗൾഡാക്കി. 44 പന്തുകളിൽ ആറുഫോറുകളും രണ്ട് സിക്സുകളുമടക്കം 72 റൺസ് നേടിയ ഗിൽ 16-ാം ഓവറിൽ പുറത്താകുമ്പോൾ ടീം 133/5 എന്ന നിലയിലായിരുന്നു. തുടർന്ന് ഷാറൂഖ് ഖാൻ (14) പുറത്തായശേഷം ക്രീസിൽ ഒരുമിച്ച രാഹുൽ തേവാത്തിയയും റാഷിദ് ഖാനും കളിയുടെ ഗതി മാറ്റുകയായിരുന്നു. ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിന്റെ അഞ്ചാം പന്തിൽ തേവാത്തിയ പുറത്തായെങ്കിലും അവസാന പന്തിൽ ഫോറടിച്ച് റാഷിദ് വിജയത്തിലെത്തിക്കുകയായിരുന്നു.
1
രാജസ്ഥാൻ റോയൽസിന്റെ സീസണിലെ ആദ്യ തോൽവി. അഞ്ചുകളിൽ നിന്ന് എട്ടുപോയിന്റുമായി രാജസ്ഥാൻ ഇപ്പോഴും ഒന്നാം സ്ഥാനത്ത്.
ആറുകളികളിൽ മൂന്നാം ജയം നേടിയ ഗുജറാത്ത് ആറുപോയിന്റുമായി ആറാമത്.
3
ഈ സീസണിൽ റിയാൻ പരാഗിന്റെയും സഞ്ജു സാംസണിന്റെയും മൂന്നാമത്തെ അർദ്ധസെഞ്ച്വറിയാണ് ഇന്നലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ പിറന്നത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 261 റൺസുമായി പരാഗ് ടോപ് റൺ സ്കോററർമാരിൽ രണ്ടാമതാണ്. 246 റൺസുള്ള സഞ്ജു മൂന്നാമതും. അഞ്ച് മത്സരങ്ങളിൽ നിന്ന് 316 റൺസ് നേടിയ വിരാട് കൊഹ്‌ലിയുടെ പക്കലാണ് ടോപ് സ്കോററുടെ ഓറഞ്ച് ക്യാപ്പ്.
9
വിക്കറ്റുകളുമായി യുസ്‌വേന്ദ്ര ചഹൽ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത്. ഒൻപത് വിക്കറ്റുകളുള്ള ചെന്നൈ പേസർ മുസ്താഫിസുർ റഹ്മാനാണ് രണ്ടാമത്.
ഇന്നത്തെ മത്സരം
മുംബയ് ഇന്ത്യൻസ് Vs ആർ.സി.ബി
7.30 pm മുതൽ