d

ന്യൂഡൽഹി : ചന്ദ്രയാൻ പരമ്പരയിലെ പുതിയ ദൗത്യത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്. ഐ.എസ്.ആർ.ഒയുടെ അടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 4 ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണെന്നും ചന്ദ്രനിൽ ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനെ ഇറക്കാനുള്ള ആദ്യ ചുവടുവയ്പായിരിക്കും ഈ പദ്ധതിയെന്നും സോമനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചന്ദ്രയാൻ പദ്ധതിയുടെ അടുത്ത ഘട്ടം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്,​ ഇത് രാജ്യത്തിന്റെ ചാന്ദ്ര പര്യവേക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. 2040 ൽ ചന്ദ്രനിൽ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ ഇറക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പാണ് ചന്ദ്രയാൻ 4 എന്നും അദ്ദേഹം പ്രസ്താവിച്ചു.

ചന്ദ്രയാൻ ദൗത്യത്തിന്റെ തുടർച്ചയായി ചന്ദ്രയാൻ 4 ഇപ്പോൾ നമ്മൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി 2040ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽ ഇറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ആ പ്രഖ്യാപനം യാഥാർത്ഥ്യമാകണമെങ്കിൽ തുടർച്ചയായ ചാന്ദ്ര പര്യവേക്ഷണങ്ങൾ ഉണ്ടാകണമെന്നും ഇസ്രോ ചെയർമാൻ പറഞ്ഞു. ചന്ദ്രനിൽ ബഹിരാകാശ വാഹനം ഇറക്കുകയും സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതുമായ കാര്യങ്ങളാണ് പ്ലാൻ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പദ്ധതികൾ ഐ.എസ്.ആർ.ഒ ഇപ്പോൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്,​ റോക്കറ്റ്- ഉപഗ്രഹ പദ്ധതികൾ മുതൽ സാങ്കേതിക വികസന പദ്ധതികൾ വരെയുള്ളവ ഇതിൽ ഉൾപ്പെടുമെന്നും എസ്. സോമനാഥ് പറഞ്ഞു.

അതേസമയം ചന്ദ്രയാൻ നാലിന് മുമ്പ് ഇന്ത്യയുടെ പ്രധാന പദ്ധതിയാണ് ഗഗൻയാൻ ദൗത്യം. മൂന്ന് ഇന്ത്യൻ ബഹിരാകാശ യാത്രികരെ 400 കിലോമീറ്റർ ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ആദ്യം ചെയ്യുക. മൂന്നുദിവസത്തെ ദൗത്യത്തിനൊടുവിൽ ഈ മൂന്നുപേരെയും തിരികെ എത്തിക്കുന്നതും മിഷന്റെ ഭാഗമാണ്.