
തിരുവനന്തപുരം :  അരുണാചലിൽ  മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലെ   അന്വേഷണം അവസാനഘട്ടത്തിൽ. ഡോൺ ബോസ്കോ മരിച്ച ആര്യയെന്ന നിഗമനത്തിലാണ് പൊലീസ്. ഡോൺബോസ്കോ എന്ന ഇമെയിൽ ഐ.ഡി കൈകാര്യം ചെയ്തത് ആര്യയാണെന്ന് ഉറപ്പിക്കുകയാണ് സൈബർ പൊലീസ്. ബാഹ്യപ്രേരണ നൽകിയ ആരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഡെപ്യൂട്ടി കമ്മീഷണർ നിധിൻ രാജിൻെറ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എട്ട് വർഷം മുൻപ് നവീനാണ് അന്യഗ്രഹ ജീവിതമെന്ന അന്ധവിശ്വാസത്തിന് തുടക്കമിട്ടത്. ആര്യയ്ക്കും നവീനും ദേവിക്കും വിചിത്രവിശ്വാസത്തെക്കുറിച്ച് സംസാരിക്കാനുള്ള വ്യാജ മെയിൽ ഐ.ഡിയാണിത്. ആയുർവേദ ഡോക്ടറായി ജോലി ചെയ്യുന്നതിനിടെ 2016ലാണ് നവീൻ വിചിത്ര വിശ്വാസത്തിലേക്ക് തിരിയുന്നത്. ആദ്യം ഭാര്യ ദേവിയെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും വഴങ്ങിയില്ല. തുടർന്ന് ഒരു വൈദികനടക്കം അഞ്ച് സുഹൃത്തുക്കളെ വിചിത്രചിന്തകളുടെ ഭാഗമാക്കാൻ നവീൻ ശ്രമിച്ചു. ഇവരും വഴങ്ങിയില്ല. നവീനെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഭൂമി ഉടൻ പ്രളയത്തിൽ നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തിൽ പുനർജന്മം നേടണമെന്നും വിശ്വസിച്ച നവീൻ ആ പാതയിൽ തുടർന്നു.
2020ൽ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കുമ്പോഴാണ് ആര്യയും ദേവിയും പരിചയപ്പെട്ടത്. അങ്ങനെ നവീൻെറ അന്ധവിശ്വാസങ്ങൾ ആര്യ അറിഞ്ഞു. ആര്യയെ നവീൻ തന്റെ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. പിന്നെ ദേവിയെക്കാൾ അന്ധവിശ്വാസിയായി ആര്യ. 2023 മാർച്ചിൽ അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളിൽ ധ്യാനത്തിൽ പങ്കെടുത്ത നവീനും ദേവിയും മരണത്തിന് അരുണാചൽ തിരഞ്ഞെടുക്കുകയും ഒരു വർഷമായപ്പോൾ ദേവിയെയും ആര്യയെയും അവിടെ എത്തിക്കുകയുമായിരുന്നു.