ipl

ജയ്പൂര്‍: അവസാന പന്തില്‍ ബൗണ്ടറി നേടി റാഷിദ് ഖാന്‍ രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ചു. 197 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മൂന്ന് വിക്കറ്റ് ബാക്കി നില്‍ക്കെ ഗുജറാത്ത് ടൈറ്റന്‍സ് മറികടക്കുകയായിരുന്നു. സ്‌കോര്‍: രാജസ്ഥാന്‍ 196-3 (20), ഗുജറാത്ത് 199-7(20)

44 പന്തുകള്‍ നേരിട്ട് 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഗുജറാത്തിനെ മത്സരത്തില്‍ ജയം നേടാന്‍ സഹായിച്ചത്. 29 പന്തില്‍ 35 റണ്‍സ് നേടിയ സായ് സുധര്‍ശന്‍ മാത്രമാണ് ഗില്ലിന് പുറമേ മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മാത്യു വെയ്ഡ് 4(6), അഭിനവ് മനോഹര്‍ 1(2) എന്നിവര്‍ പെട്ടെന്ന് മടങ്ങി. വിജയ് സങ്കര്‍ 16(10), ഷാരൂഖ് ഖാന്‍ 14(8) എന്നിവര്‍ക്കും പ്രതീക്ഷ കാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഏഴാം വിക്കറ്റില്‍ റാഷിദ് ഖാന്‍ 24*(11), രാഹുല്‍ തെവാത്തിയ 22(11) സഖ്യം നാടകീയ ജയമൊരുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന് ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്‌വാള്‍ 24(19), ജോസ് ബട്‌ലര്‍ 8(10) എന്നിവരുടെ വിക്കറ്റുകള്‍ പവര്‍പ്ലേക്ക് മുമ്പ് തന്നെ നഷ്ടമായി. പിന്നീട് ക്യാപ്റ്റന്‍ സഞ്ജു സാസംസണ്‍ 68*(38), യുവതാരം റിയാന്‍ പരാഗ് 76(48) എന്നിവരുടെ പ്രകടനം കരുത്തായി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 130 റണ്‍സ് കൂട്ടുകെട്ടാണ് രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഷിംറോണ്‍ ഹെറ്റ്മയര്‍ 13*(5) പുറത്താകാതെ നിന്നു. ഉമേഷ് യാദവ്, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ എന്നിവര്‍ ഗുജറാത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.