hamas-chief

കെയ്‌റോ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് മേധാവി ഇസ്മായിൽ ഹനിയയുടെ മൂന്ന് മക്കളും രണ്ട് കൊച്ചുമക്കളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹനിയയുടെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ഹസീം, അമീർ, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മക്കൾ. ഗാസയിലെ അൽ-ശതി ക്യാമ്പിലൂടെ സഞ്ചരിച്ച ഇവരുടെ കാറിന് നേരെ വ്യോമാക്രമണം നടക്കുകയായിരുന്നു. മക്കളോടൊപ്പം മൂന്ന് കൊച്ചുമക്കളും വാഹനത്തിലുണ്ടായിരുന്നു. രണ്ട് പേർ കൊല്ലപ്പെട്ടെന്നും ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചെന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മക്കളെ ലക്ഷ്യം വച്ചാൽ ഹമാസ് നിലപാട് മാറ്റുമെന്നത് വെറും വ്യാമോഹമാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങൾ വ്യക്തവും നിർദ്ദിഷ്ടവുമാണ്, അവയിൽ ഒരു ഇളവും പ്രതീക്ഷിക്കേണ്ട. എന്റെ മക്കളെ ലക്ഷ്യം വയ്ക്കുന്നതിലൂടെ ഹമാസിനെ അതിന്റെ നിലപാട് മാറ്റാൻ പ്രേരിപ്പിക്കുമെന്ന് ശത്രുക്കൾ വിചാരിച്ചാൽ വ്യാമോഹമാകും. എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാൾ പ്രിയപ്പെട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2017ൽ ആണ് ഇസ്മായിൽ ഹനിയയെ ഹമാസിന്റെ മേധാവിയായി നിയമിതനായത്. പിന്നാലെ ഗാസയിൽ ഇസ്രയേൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കി ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് ഹനിയ മാറിയിരുന്നു. ഗാസയിലെ ആക്രമണത്തിൽ സഹോദരങ്ങൾ കൊല്ലപ്പെട്ട വിവരം ഹനിയയുടെ മൂത്തമകൻ സോഷ്യൽ മീഡിയയയിലൂടെ സ്ഥിരീകരിച്ചു. എന്റെ സഹോദരങ്ങളായ ഹസീമിന്റെയും അമീറിന്റെയും മുഹമ്മദിന്റെയും അവരുടെ മക്കളുടെയും രക്തസാക്ഷിത്വത്താൽ ഞങ്ങളെ ആദരിച്ച ദൈവത്തിന് നന്ദി എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

കൊല്ലപ്പെട്ട അമീർ ഹനിയ ഹമാസ് സൈനിക വിഭാഗത്തിലെ സ്‌ക്വാഡ് കമാൻഡറായിരുന്നു, ഹസീമും മുഹമ്മദ് ഹനിയയും താഴ്ന്ന റാങ്കിലുള്ള പ്രവർത്തകരായിരുന്നു. വാഹനത്തിൽ സഹോദരങ്ങൾക്കും കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇവർക്ക് നേരെ ഇസ്രയേൽ ഡ്രോൺ ലക്ഷ്യമിടുകയായിരുന്നു എന്നാണ് അൽ-അക്സ ടിവി റിപ്പോർട്ട് ചെയ്യുന്നത്.