
ബംഗളൂരു: കൃഷ്ണഗിരിയിൽ നിന്നും കോളാർ ഗോൾഡ് ഫീൽഡിലേക്കുള്ള റോഡിനെ കെ.ജി.എഫിലേക്കുള്ള വഴിയെന്ന് പരിചയപ്പെടുത്തിയാൽ കുട്ടികളുടെ മനസിൽ പോലും സിനിമയിലെ ബി.ജി.എം മുഴങ്ങും. കർണ്ണാടകയിലെ കെ.ജി.എഫ് നിയമസഭ മണ്ഡലത്തോടു ചേർന്നുകിടക്കുന്ന കുന്താരപ്പള്ളി ജംഗ്ഷനിലേക്ക് ഒരു പ്രചാരണവാഹനം മെല്ലെയെത്തി. വാഹനത്തിൽ വീരപ്പന്റെയും എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെയും ചിത്രം.
''വനങ്ങളെ പാതുക്കാത്ത വനക്കാവലൻ സന്ദന വീരപ്പൻ അവർകളുടയ മകളാന വിദ്യാറാണി വീരപ്പൻ അവർകൾക്ക് നാം തമിഴർ കക്ഷി മൈക്ക് ചിഹ്നത്തിൽ വാക്കളിയിങ്കൾ..."" ഉച്ചഭാഷിണിയിലൂടെ മുഴങ്ങി.
നിമിഷങ്ങൾക്കുള്ളിൽ വീരപ്പന്റെ മൂത്തമകൾ വിദ്യാറാണി വണ്ടിയിൽ നിന്ന് പുറത്തേക്കിറങ്ങി. നിറചിരിയോടെ കൂടിനിന്നിരുന്ന സ്ത്രീകളുടെ അടുത്തേക്കെത്തി. എന്നെ അറിയാമോ എന്നാണ് ചോദ്യം. തുടർന്ന് കുശലാന്വേഷണങ്ങൾക്കുശേഷം വോട്ടിംഗ് മെഷീനിൽ പത്താമത്തെ ചിഹ്നമാണ് മൈക്ക്, മറക്കരുതെന്ന് ഓർമ്മപ്പെടുത്തി. അവിടെ നിന്ന് നേരെ മുസ്‌ലിപൂരിലേക്ക്.
വീരപ്പന്റെ മകൾ വരുന്നെന്ന അനൗൺസ്‌മെന്റ് കേട്ട് കുട്ടികളും സ്ത്രീകളും വീട്ടുമുറ്റത്തേക്ക് ഓടി. കാടിറങ്ങി നാട്ടിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്ന വീരപ്പനെ അധികാരികൾ കെണിയിൽപ്പെടുത്തി ഇല്ലാതാക്കിയെന്ന് വിദ്യാറാണി എല്ലായിടത്തും പ്രസംഗിച്ചു. കൃഷ്ണഗിരിക്കാർക്ക് വീരപ്പനോട് അപ്രീയമില്ല. നാട്ടിൽ സ്കൂൾ ആരംഭിച്ച വിദ്യയോട് ബഹുമാനമുണ്ട്.
പ്രചാരണ ബോർഡുകളിലെല്ലാം വിദ്യാറാണി വീരപ്പൻ എന്നാണ് പേര് വച്ചിരിക്കുന്നത്. വിദ്യയുടെ ചിത്രത്തോളം വലിപ്പത്തിൽ കൊമ്പൻമീശയുള്ള വീരപ്പനെയും കാണാം. ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിദ്യ കുറച്ചുനാൾ യുവമോർച്ചയുടെ തമിഴ്നാട് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തീവ്രതമിഴ് നിലപാടുള്ള നാം തമിഴർ കക്ഷിയിൽ ചേരുകയായിരുന്നു.
വീരപ്പന്റെ മകളായതിൽ അഭിമാനം
തമിഴ്നാടിനുവേണ്ടി ശക്തമായി നിലകൊള്ളാനാണ് ബി.ജെ.പി വിട്ട് നാം തമിഴർ കക്ഷിയിലെത്തിയതെന്ന് വിദ്യാറാണി കേരളകൗമുദിയോടു പറഞ്ഞു. ബി.ജെ.പി ദേശീയ പാർട്ടിയാണ്. സംസ്ഥാനങ്ങളുടെ താത്പര്യം തുല്യമായി സംരക്ഷിക്കേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയാണ്. എന്നാൽ തമിഴ്നാടിന് ആ പരിഗണന നൽകുന്നില്ല. എന്റെ തമിഴ്നാടിന്റെ താത്പര്യത്തെ ആദ്യം സംരക്ഷിക്കണമെന്ന് എനിക്കുതോന്നി.
നാം തമിഴർ കക്ഷിയെ തിരഞ്ഞടുക്കാൻ കാരണം
നാം തമിഴർ കക്ഷിക്ക് ശക്തമായ പ്രത്യയശാസ്ത്രമുണ്ട്. ജനങ്ങളുടെ നന്മയും പുരോഗതിയും മുൻനിറുത്തിയുള്ളതാണത്. സമത്വമെന്നത് മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതല്ല.
ജനങ്ങളുടെ സ്വീകരണം എങ്ങനെയാണ്
വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അവർക്ക് എന്നെയും അച്ഛനെയും അറിയാം.
വീരപ്പന്റെ മകൾ എന്ന നിലയിൽ സ്വീകാര്യത കിട്ടുമോ
തീർച്ചയായും. ഞാൻ ഒരിക്കലേ അച്ഛനെ കണ്ടിട്ടുള്ളൂ. നന്നായി പഠിക്കണമെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ അഭിഭാഷകയായി. സ്കൂൾ നടത്തുന്നു. ഒരു കേസിൽ പ്രതിയായപ്പോൾ തന്നെ അച്ഛൻ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ഇവിടത്തെ രാഷ്ട്രീയക്കാരും പൊലീസും അനുവദിച്ചില്ല. പൊതുജനങ്ങളെ സേവിക്കാനായിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത്.
വിജയിച്ചാൽ മുൻഗണന എന്തിനാണ്
കാവേരിയിൽ നിന്ന് കർഷകർക്കായി ആവശ്യത്തിന് ജലം എത്തിക്കും. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എന്റെ സ്കൂളിൽ കുട്ടികളുടെ വ്യക്തിവികാസത്തിനാണ് പ്രധാന്യം കൊടുക്കുന്നത്. നല്ല പൗരന്മാരെ സമൂഹത്തിന് നൽകാനാണ് ശ്രമം.