kim-jong-un

പ്യോഗ്യാഗ്: രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്‌ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുദ്ധത്തിന് തയ്യാറെടുക്കാൻ സെെന്യത്തിന് നിർദേശം നൽകി ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ. രാജ്യത്തെ പ്രധാന സെെനിക യൂണിവേഴ്സിറ്റിയിലും പ്രസിഡന്റ് കിം സന്ദർശനം നടത്തിയതായാണ് റിപ്പോർട്ട്.

2011ൽ മരിച്ച കിമ്മിന്റെ പിതാവിന്റെ പേരിലുള്ള കിം ജോംഗ് ഇൽ യൂണിവേഴ്സിറ്റി ഓഫ് മിലിട്ടറി ആൻഡ് പൊളിറ്റിക്സിലാണ് കിം സന്ദർശനം നടത്തിയത്. ഇവിടെ യുദ്ധത്തിന്റെ തയ്യാറെടുപ്പിന് മാർഗനിർദേശം നൽകിയിട്ടുണ്ട്. കുറച്ച് നാളുകളായി രാജ്യത്ത് കിമ്മിന്റെ കീഴിൽ ആയുധ വികസനം വലിയ രീതിയിൽ പ്രേത്സാഹിപ്പിക്കുന്നുണ്ട്. റഷ്യയുമായി കൂടുതൽ സെെനികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കാനും ഉത്തര കൊറിയ ശ്രമിച്ചിരുന്നു. അടുത്തിടെ ബാലിസ്റ്റിക്,​ ക്രൂയിസ് മിസെെലുകൾ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.യൂണിവേഴ്സിറ്റി സന്ദർശിച്ച ശേഷം കിം സെെന്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

'ശത്രുവുമായി രാജ്യം ഏറ്റുമുട്ടാൻ തീരുമാനിച്ചാൽ ശത്രുവിന്റെ മരണം കാണണം. രാജ്യത്തിന് ചുറ്റുമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇത്',​ കിം പറഞ്ഞു.

ഒരു മാസത്തിന് മുൻപ് ഹെെപ്പർസോണിക് ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസെെൽ കിമ്മിന്റെ നേതൃത്വത്തിൽ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധ സൂചനങ്ങൾ കൂടുന്നത്. ദക്ഷിണ കൊറിയയും യു എസും സെെനികാഭ്യാസം നടത്തി യുദ്ധത്തിന് പ്രകോപിപ്പിക്കുകയാണെന്നും ഉത്തര കൊറിയ ആരോപിക്കുന്നു.