k-surendran

എംപിയായാൽ സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്നാക്കുമെന്ന് പറഞ്ഞതിന് എൻ ഡി എ സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ പരിഹാസങ്ങളും ട്രോളുകളുമൊക്കെ വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രയാഗ്രാജ് അടക്കം നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. ആദ്യമായിട്ടാണ് കേരളത്തിലെ ഒരു പ്രദേശത്തിന്റെ പേര് മാറ്റുമെന്ന് ഒരു ബി ജെ പി നേതാവ് പറയുന്നത്.

എന്നാൽ കെ സുരേന്ദ്രൻ "ഗണപതിവട്ടം" എന്ന് പേര് മാറ്റുമെന്ന് പറഞ്ഞതിന് പിന്നിൽ അധികമാർക്കുമറിയാത്ത ഒരു കാരണമുണ്ട്. പ്രാചീന കാലത്ത് "ഗണപതി വട്ടം" എന്ന പേരിലായിരുന്നത്രേ സുല്‍ത്താന്‍ ബത്തേരി അറിയപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് 2013ൽ 'ക്ഷേത്രം' എന്ന ഫേസ്ബുക്ക് പേജിൽ വന്ന ലേഖനമാണ് ഇപ്പോൾ വീണ്ടു ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പേരിന് പിന്നിലെ ഐതിഹ്യം - "ഗണപതി വട്ടം" എന്ന സുല്‍ത്താന്‍ബത്തേരി

പ്രാചീന കാലത്ത് "ഗണപതി വട്ടം" എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലമാണ്‌ സുല്‍ത്താന്‍ ബത്തേരി. ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയെപ്പറ്റിയും പല രേഖകളിലും സൂചിപ്പിക്കപ്പെടുന്നുണ്ട്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്‍ക്കാലത്ത് സുല്‍ത്താന്‍ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു. ചെറിയ ജനപദമെന്ന രീതിയില്‍ ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്‍ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്. പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂറിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടു.

fb

സുരേന്ദ്രൻ പറഞ്ഞത്

ഗണപതിവട്ടം എന്നതാണ് ആ പ്രദേശത്തിന്റെ പേരെന്നും വൈദേശികാധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന ഇപ്പോഴത്തെ പേരെന്നുമായിരുന്നു വയനാട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്.