chicken-pox

തൃശൂർ: ചൂട് കൂടുന്നതിനൊപ്പം വേനൽക്കാല രോഗമായ ചിക്കൻ പോക്‌സ് പടരുന്നു. ഇക്കൊല്ലം 6,749 പേർക്ക് രോഗം ബാധിച്ചു. ഒമ്പത് പേർ മരിച്ചു. 2022ൽ 14 പേർ മരിച്ചിരുന്നു. സ്പർശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും രോഗകാരണമായ വെരിസെല്ലാ സോസ്റ്റർ വൈറസ് അതിവേഗം പടരും. വേനലിൽ കൂടുതൽ സജീവമാകും. രോഗിയുടെ മുറിയിൽ അൽപ്പസമയം നിന്നാൽ പോലും പകരാം.

കുരുക്കൾ ഉണങ്ങുന്നതുവരെ രോഗിയെ മാറ്റിപ്പാർപ്പിക്കണം. ഉണങ്ങിയാൽ പകരില്ല. വാക്‌സിൻ എടുക്കാത്തവരെയും രോഗം വരാത്തവരെയുമാണ് ബാധിക്കുക. ഒരിക്കൽ വന്നവർക്ക് പിന്നീടുണ്ടാകില്ല. പ്രതിരോധശേഷി കുറഞ്ഞവരെയും വൃദ്ധരെയും ശിശുക്കളെയും ഗുരുതരമായി ബാധിക്കാം. ഗർഭിണികൾക്ക് ബാധിച്ചാൽ ശിശുവിന് പ്രശ്‌നങ്ങളുണ്ടാകാം. രോഗം ഭേദമായവരിൽ പലരിലും വൈറസ് വർഷങ്ങളോളം നാഡീവ്യൂഹത്തിൽ ഒളിച്ചിരിക്കാറുണ്ട്. 50 വയസിന് ശേഷം ചിലരിലെങ്കിലും ഇത് വീണ്ടും രോഗമുണ്ടാക്കാം.

നാഡികളുടെ സഞ്ചാരപഥത്തിലുള്ള ചർമത്തിൽ വരിവരിയായി കുരുക്കളും കടുത്ത വേദനയുമുണ്ടാകും. വാക്‌സിൻ പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, ദേഹത്ത് കുമിളകൾ തുടങ്ങിയവയാണ് ലക്ഷണം. മിക്കവർക്കും വീട്ടിലെ വിശ്രമം മതി. നടക്കാൻ ബുദ്ധിമുട്ട്, ശ്വാസംമുട്ടൽ, അണുബാധ, പഴുപ്പ്, ആശയക്കുഴപ്പം, അപസ്മാരം തുടങ്ങിയവ ഉള്ളവർ ആശുപത്രിയിലെത്തണം. വാക്‌സിനാണ് പോംവഴി. കുളി പ്രധാനം ചിക്കൻ പോക്‌സുള്ളവർ മൃദുവായ സോപ്പ് ഉപയോഗിച്ച് കൈകൊണ്ട് മൃദുവായി കഴുകി ദിവസം രണ്ടുനേരം കുളിച്ചാൽ രോഗാണുക്കൾ ഒഴുകപ്പോകും. ഉരച്ചു കഴുകരുത്. കുരുക്കളിലൂടെയുള്ള അണുബാധ ഇതിലൂടെ ഒഴിവാക്കാം.


വർഷം, രോഗികൾ, മരണം

2021..... 3,457.... 2

2022..... 9,927.....14

2023..... 26,363.....4

2024.....6,749..... 9 (മാർച്ച് 15 വരെ)

കുരുക്കൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പേ വൈറസ് പുറത്തുവരും. കുട്ടിക്കാലത്ത് വാക്‌സിൻ എടുക്കാത്തവർക്ക് പിന്നീട് എടുക്കാം.

ഡോ. രാജീവ് ജയദേവൻ, ചെയർമാൻ, ഐ.എം.എ റിസർച്ച് സെൽ.