p-p-sulaiman-ravuthar

ഇടുക്കി: മുൻ എംഎൽഎയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന പിപി സുലൈമാൻ റാവുത്തർ സിപിഎമ്മിൽ ചേർന്നു. രമേശ് ചെന്നിത്തല അദ്ധ്യക്ഷനായുള്ള 25 അംഗ തിരഞ്ഞെടുപ്പ് പ്രചരണസമിതി അംഗത്വം രാജിവച്ചാണ് റാവുത്തർ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മിൽ എത്തിയത്.

വലതുപക്ഷ വർഗീയതയും ഫാസിസവും തടയാൻ ഇടതുപക്ഷം ശക്തിപ്പെടണം. താൻ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഇല്ല. അംഗത്വം പുതുക്കിയിരുന്നില്ല. സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും റാവുത്തർ പറഞ്ഞു.

തൊടുപുഴ ന്യൂമാൻ കോളേജിൽ കെ എസ് യു നേതാവായിരിക്കവേയാണ് റാവുത്തർ കോൺഗ്രസിലൂടെ പൊതുപ്രവ‌ർത്തനത്തിലേയ്ക്ക് കടക്കുന്നത്. വി എം സുധീരൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ സംസ്ഥാന ട്രഷററായും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായിരിക്കെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

1982ൽ ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും 1200 വോട്ടിന് പരാജയപ്പെട്ടു. 1996ൽ നിലവിലെ യുഡിഎഫ് കൺവീനർ ജോയി വെട്ടിക്കുഴിയെ പരാജയപ്പെടുത്തി ഇടുക്കിയിൽ നിന്ന് എൽഡിഎഫ് എംഎൽഎയായി സഭയിലെത്തി. രണ്ട് തവണ ഇടുക്കി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായും മത്സരിച്ചു. വിപുലമായ സൗഹൃദബന്ധവും പ്രവ‌ർത്തന പരിചയവുമുള്ള റാവുത്തർ സിപിഎമ്മിലെത്തുന്നത് ഇടത് സ്ഥാനാർത്ഥിയുടെ വിജയത്തിന് കരുത്ത് പകരുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.