beauty

മാറുന്ന ജീവിതരീതി മനുഷ്യ ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ട്. അതിൽ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്പോൾ മാത്രമാണ് ആളുകളിൽ നര വന്നിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കൊച്ചു കുട്ടികളിൽ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകൾ ഉപയോഗിച്ചാൽ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അതിനാൽ, എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കറിവേപ്പില, മാതളത്തിന്റെ തൊലി, കാപ്പിപ്പൊടി, തേയിലപ്പൊടി, മൈലാഞ്ചിപ്പൊടി, ഇരുമ്പ് പാത്രം

തയ്യാറാക്കുന്ന വിധം

കറിവേപ്പില നന്നായി കഴുകിയെടുത്ത് നിഴലിൽ വച്ച് പൊടിക്കാൻ കഴിയുന്ന വിധത്തിൽ എത്തുന്നതുവരെ ഉണക്കുക. ഇതിന് പറ്റിയില്ലെങ്കിൽ കറിവേപ്പില ഇരുമ്പ് ചട്ടിയിൽ നന്നായി ചൂടാക്കിയെടുക്കുക. ശേഷം പൊടിച്ചെടുക്കേണ്ടതാണ്. മാതളത്തിന്റെ തൊലിയും ഇതേ രീതിയിൽ ഉണക്കി പൊടിച്ചെടുക്കുക. അതിന് കഴിഞ്ഞില്ലെങ്കിൽ മാതളത്തിന്റെ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കുക.

ഇരുമ്പ് പാത്രത്തിൽ ഒരു സ്‌പൂൺ കറിവേപ്പിലപ്പൊടി, ഒരു സ്‌പൂൺ മാതളത്തൊലി പൊടിച്ചത്, രണ്ട് സ്‌പൂൺ മൈലാഞ്ചി എന്നിവ യോജിപ്പിച്ചെടുത്ത് ചെറുതായി ചൂടാക്കുക. ശേഷം ഇതിലേക്ക് കാപ്പിപ്പൊടിയും തേയിലപ്പൊടിയും ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുത്ത വെള്ളം ചേർത്ത് ഹെയർ പാക്ക് രൂപത്തിലാക്കിയെടുക്കുക.

ഉപയോഗിക്കേണ്ട വിധം

നന്നായി ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. രണ്ട് അല്ലെങ്കിൽ രണ്ടര മണഇക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. തലനീരിറങ്ങുന്ന പ്രശ്നമുള്ളവർ ഒന്നര മണിക്കൂർ വച്ചാൽ മാത്രം മതി. രണ്ടാഴ്ച കൂടുമ്പോൾ ഇത് വീണ്ടും ചെയ്യുക. കുളിക്കുമ്പോൾ താളി അല്ലെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.