
പ്രമാടം : കടുത്ത ചൂടും ഇടവിട്ടുള്ള വേനൽമഴയും ചീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. അപ്രതീക്ഷിതമായി മഴ പെയ്തതോടെ ചീരയ്ക്ക് പുള്ളി രോഗ ബാധ വ്യാപകമായി. പാതി വളർച്ചയെത്തിയ ചീരച്ചെടികൾ പിഴുത് വിൽക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. കർഷകർ കൂട്ടത്തോടെ ചീര പിഴുത് വിൽക്കാൻ തുടങ്ങിയതോടെ വിപണയിൽ ആവശ്യക്കാരും ഇല്ലാതായി. മുടക്കിയ കാശുപോലും ലഭിക്കുന്ന കാര്യം സംശയമാണ്. മഴയ്ക്ക് മുമ്പ് ഒരുപിടി ചീരയ്ക്ക് 50 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസങ്ങളിൽ പാതി വില പോലും നൽകി വാങ്ങാൻ ആളില്ലായിരുന്നെന്ന് കർഷകർ പറഞ്ഞു. അടുത്തിടെ പാകിയ പയർ, പാവൽ, പടവലം എന്നിവയും നാശത്തിന്റെ വക്കിലാണ്.
ഇലപ്പുള്ളി രോഗം
റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇലപ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളിൽപുള്ളികൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. തുടർന്ന് പുള്ളികൾ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ നിറം വെള്ളയാകും. വളരെ വേഗം ഇവ ഇലകളിൽ പടരുന്നതിനാൽ ചെടി നശിക്കാൻ കാരണമാകും.
ആശങ്കയോടെ വാഴക്കർഷകരും
കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട്, അതിരുങ്കൽ, വകയാർ, പ്രമാടം, വി.കോട്ടയം, അതുമ്പുംകുളം, കല്ലേലി, അട്ടച്ചാക്കൽ, ആവോലിക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി വാഴ കൃഷി നശിക്കുന്നത്. വേനൽസമയത്ത് കുലച്ച് നിന്ന വാഴകളാണ് മഴ പെയ്തതോടെ കൂട്ടത്തോടെ ഒടിഞ്ഞുവീണത്. വാഴക്കുലകൾ പാതി വിളവ് പോലും എത്താതെ നശിച്ചതോടെ കർഷകർ ദുരിവത്തിലായി.